ദില്ലി: സഹാറാ മേധാവി സുബ്രതോ റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സെബിയുമായുള്ള കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് സുബ്രതോ റോയ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
മാര്‍ച്ച് നാലിന് സുബ്രതോ റോയിയെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പോലീസിന് നിര്‍ദേശം നല്‍കി. കോടതിയുടെ കൈകള്‍ ഏറെ നീണ്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിയില്‍ ഹാജരാവുന്നതില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് ഇന്നലെ താങ്കള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇന്നും അതേ ആവശ്യം ഉന്നയിച്ച് താങ്കളുടെ അഭിഭാഷകന്‍ അപേക്ഷ നല്‍കി.
തന്റെ കക്ഷിയുടെ അമ്മയ്ക്ക് തീരെ സുഖമില്ലെന്നും അമ്മയൊടൊപ്പം നില്‍ക്കേണ്ടതിനാലാണ് ഹാജരാക്കതതെന്നുമായിരുന്നു സുബ്രതോ റോയിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെഠ്മലാനിയുടെ വാദം. എന്നാല്‍ ഇതു തള്ളിയ സുപ്രീംകോടതി കഴിഞ്ഞ രണ്ടുവര്‍ഷമായി നേരിട്ടു ഹാജരാവുന്നതില്‍ ഇളവു നല്‍കിയിരുന്നുവെന്നും ഇനി അതിന് കഴിയില്ലെന്നും അസന്നിഗ്ധമായി വ്യക്തമാക്കി. ചെറുകിട നിക്ഷേപകരെ കബളിപ്പിച്ച് സഹാറ ഗ്രൂപ്പ് തങ്ങളുടെ രണ്ട് സഹോദരസ്ഥാപനങ്ങളിലേക്ക് വന്‍തുക മാറ്റിയെന്ന കേസിലാണ് സെബി നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.