കേരളം ഉൾപ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനം. സംസ്ഥാനങ്ങൾക്ക് പുറമേ, ഒരു കേന്ദ്രഭരണ പ്രദേശത്തെ വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.ഇതുവരെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് സർവേ പൂർത്തിയായത്.
കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വവ്വാലുകളിൽ നിപാ വൈറൽ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും സർവേ പൂർത്തിയായി.നേരത്തേ, അസമിലെ ധുബ്രി ജില്ലയിലും പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ, കേരളത്തിൽ കോഴിക്കോട് എന്നിവിടങ്ങളിൽ പഴംതീനി വവ്വാലുകളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വവ്വാലുകൾക്കിടയിൽ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങളുടെ അഭാവത്തെ തുടർന്നാണ് രാജ്യവ്യാപകമായി സർവേ നടത്താൻ തീരുമാനിച്ചതെന്ന് ICMR-NIV ഡയറക്ടർ ഇൻ ചാർജ് ഡോ. ഷീല ഗോഡ്ബോലെയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർ ചെയ്യുന്നു.













