പാലക്കാട് 81 കിലോ ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍


പാലക്കാട്: ബൊലേറോ ജീപ്പില്‍ കടത്തുകയായിരുന്ന 81 കിലോ ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പാലക്കാട് കോഴിപ്പാറ എം.കെ. സ്ട്രീറ്റില്‍ രാജേഷ് (24), വേലന്താവളം കോഴിപ്പാറ നീലിപ്പാറ സ്വദേശി ദിലീപ് (26), മലപ്പുറം മഞ്ചേരി ആനക്കയം കൂരിമണ്ണില്‍ വീട്ടില്‍ ഷാഫി (35) എന്നിവരെയാണ് മീനാക്ഷിപുരത്ത് സംസ്ഥാന അതിര്‍ത്തിയായ നെടുമ്പാറയില്‍നിന്നും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും (ഡാന്‍സാഫ്) മീനാക്ഷിപുരം പോലീസും ചേര്‍ന്ന് പിടികൂടിയത്.വിശാഖപട്ടണത്തുനിന്നാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചത്.


വന്‍തോതില്‍ കഞ്ചാവ് കടത്തിയിരുന്ന പ്രതികള്‍ കുറച്ചു ദിവസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് രണ്ട് ടീമായിട്ടാണ് പരിശോധന നടത്തിയത്. ബൊലേറോയില്‍ 42 ചാക്കുകളിലായിട്ടാണ് കഞ്ചാവ് കൊണ്ട് വന്നത്. പാലക്കാട് ജില്ലാ പോലീസ് പിടികൂടുന്ന വലിയ കഞ്ചാവ് കേസുകളിലൊന്നാണിത്. പ്രതികളുള്‍പ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി. പ്രതി ഷാഫി മലപ്പുറം കോട്ടക്കലില്‍ കവര്‍ച്ച കേസിലും പ്രതിയാണ്. പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൊലേറോ ജീപ്പ് പോലീസ് പിടിച്ചെടുത്തു. കഞ്ചാവ് എവിടെക്കാണ് കൊണ്ട് പോകുന്നതെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.


ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ ഡിവൈ.എസ്.പി. സുന്ദരന്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. ആര്‍. മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.വി. പൗലോസിന്റെ നേതൃത്വത്തിലുള്ള മീനാക്ഷിപുരം പോലീസും കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടര്‍ സുജിത്തും സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഹര്‍ഷാദിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തി കഞ്ചാവും പ്രതികളെയും പിടികൂടിയത്.



Sharing is Caring