ന്യൂയോര്‍ക്ക്: കാനഡയില്‍ നിന്നുള്ള കാട്ടുതീ മൂലമുണ്ടായ പുകയില്‍ വലഞ്ഞ് യു.എസ് നഗരമായ ന്യൂയോര്‍ക്ക്. കാനഡയില്‍ കാട്ടുതീ രൂക്ഷമായതോടെ ന്യൂയോര്‍ക്ക് നഗരം പുകമൂടിയ അവസ്ഥയിലാണ്.
നഗരത്തിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശം അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ന്യൂയോര്‍ക്കിന് പുറമേ യു.എസിന്റെ മറ്റ് ചില പ്രദേശങ്ങളും കാട്ടുതീമൂലമുണ്ടായ പുകയില്‍ വലയുകയാണ്.
നഗരം പുകയില്‍ മൂടിയതോടെ വിമാനസര്‍വീസുകളും പലയിടത്തും റോഡ് ഗതാഗതവും തടസപ്പെട്ടു വായുമലിനീകരണവുമായി ബന്ധപ്പെട്ട് 13ഓളം സംസ്ഥാനങ്ങള്‍ക്ക് യു.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലിനീകരണം ഏകദേശം 115 മില്യണ്‍ ജനങ്ങളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.

അമേരിക്ക അപകടകരമായ വായുമലിനീകരണത്തെ അഭിമുഖീകരിക്കുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ പ്രാദേശിക അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സ്വയംസുരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കണമെന്ന് ബൈഡൻ നിര്‍ദേശിച്ചു.
കാട്ടുതീ ശമിക്കാൻ കാനഡക്ക് പിന്തുണയുമായി യു.എസും രംഗത്തുണ്ടെന്നും ബൈഡൻ പറഞ്ഞു. 600ഓളം ഫയര്‍ എൻജിനുകളും ജീവനക്കാരേയും യു.എസ് കാനഡയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ബൈഡൻ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീക്കാണ് കാനഡ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കാട്ടുതീയെ തുടര്‍ന്ന് ഇതുവരെ 6.7 മില്യണ്‍ ഏക്കര്‍ വനം കത്തിനശിച്ചിട്ടുണ്ട്. ക്യുബെക് പ്രവിശ്യയിലാണ് കാട്ടുതീ ഏറ്റവും രൂക്ഷമായി തുടരുന്നത്.













