ബിജുപ്രഭാകര്‍ പുതിയ ജില്ലാ കളക്ടറായി ചുമതലയേറ്റു

bijuprabhakarതിരുവനന്തപുരം ജില്ലാ കളക്ടറായി ബിജു പ്രഭാകര്‍ ചുമതലയേറ്റു. കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനില്‍ രാവിലെ പതിനൊന്നിനാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. തെരഞ്ഞെടുപ്പ്, വരള്‍ച്ചയെ നേരിടാനുള്ള പരിപാടികള്‍, മഴക്കാലരോഗപ്രതിരോധം എന്നിവയാണ് അടിയന്തിരപ്രധാന്യത്തോടെ പരിഗണനയിലുള്ള വിഷയങ്ങളെന്ന് ചുമതലയേറ്റെടുത്ത ശേഷം അദ്ദഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഏറെക്കാലം ഇവിടെ താമസിച്ചിട്ടുള്ളതിനാല്‍ തിരുവനന്തപുരത്തിന്റെ തുടിപ്പും പ്രശ്‌നങ്ങളും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെയും നഗരത്തിന്റെയും വികസനത്തിനൊപ്പം അവ താഴെത്തട്ടിലുള്ളവരിലേക്കെത്തുന്നുവെന്ന് ഉറപ്പാക്കും. ഫണ്ടിന്റെ അപര്യാപ്തതയല്ല മറിച്ച് അവ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്‌നം. ജില്ലയിലെ എം.പി മാരുടെയും എം.എല്‍.എ മാരുടെയുമൊക്കെ വികസനപദ്ധതികള്‍ കൃത്യമായും എല്ലാതലങ്ങളിലും നടപ്പാക്കപ്പടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. തിരുവനന്തപുരം നഗരത്തിന്റെ പൈതൃകം നിലനിര്‍ത്തിക്കൊണ്ടുതന്നെ അടിസ്ഥാനസൗകര്യമുള്‍പ്പെടെയുള്ള വികസനം നടപ്പാക്കും. സ്ഥലമേറ്റെടുപ്പ് പ്രയാസമായതിനാല്‍ മോണോറെയില്‍ പോലുള്ള ഗതാഗതസംവിധാനങ്ങള്‍ മെച്ചപ്പെടുത്തി പൊതുഗതാഗതസംവിധാനം നന്നാക്കുകയാണ് റോഡുകളിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനുള്ള മാര്‍ഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരെയും സഹകരിപ്പിച്ചും വിശ്വാസത്തിലെടുത്തും മാത്രമേ തലസ്ഥാനജില്ലയുടെ വികസനത്തിനായുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ കഴിയൂ. ജില്ലാ ഭരണകൂടം മെച്ചപ്പെട്ട ഒരു ഏകോപനസംവിധാനമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കും. ആശങ്ക അകറ്റാന്‍ കഴിഞ്ഞാല്‍ എല്ലാവരില്‍ നിന്നുമുള്ള സഹകരണം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മെച്ചപ്പെട്ട രീതിയില്‍ നടത്തുകയെന്നതാണ് തന്റെ മുന്നിലുള്ള ആദ്യകടമയെന്ന് അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന വേനല്‍ക്കാലം കണക്കിലെടുത്ത് ജില്ലയിലെ എല്ലായിടത്തും ശുദ്ധജലലഭ്യത ഉറപ്പാക്കും. ഇതിനായി വാട്ടര്‍ അതോറിറ്റി എം.ഡിയുമായി കൂടിക്കാഴ്ച നടത്തും. എന്‍.ആര്‍.എച്ച് .എമ്മിന്റെ നേതൃത്വത്തില്‍ മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനുള്ള പരിപാടികള്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ നായശല്യത്തിന് നിയമപരമായിത്തന്നെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. മാലിന്യസംസ്‌കരണത്തിന് ഫലപ്രദമായ സാങ്കേതികവിദ്യയുണ്ട്. അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. സന്നദ്ധസംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും വിവിധ മേഖലകളിലുള്ള ജനങ്ങളുടെയും സഹകരണത്തോടെ ഇക്കാര്യങ്ങളൊക്കെ ഫലപ്രദമായി ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *