‘പഠിക്കാനുണ്ട്, പാഠങ്ങളേറെ ‘ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തോൽവിയെ കുറിച്ച്- എൻ.സുബ്രമണ്യൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ കനത്ത പരാജയത്തെ സംബന്ധിച്ച് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട എൻ.സുബ്രമണ്യൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ:

അപ്രതീക്ഷിതമായ തോൽവിയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫിനുണ്ടായത്. കേരളത്തിന്റെ പതിവു രീതികളെ മാറ്റിക്കുറിച്ച ഫലമാണ് വന്നത്. നമ്മുടെ കണക്കുകൂട്ടലുകളിൽ വലിയ പിഴവുകൾ സംഭവിച്ചു. തലനാരിഴ കീറി അതെല്ലാം പരിശോധിച്ച് പരിഹാര മാർഗങ്ങൾ കണ്ടാലേ നമ്മൾക്ക് മുന്നോട്ടു പോകാൻ കഴിയൂ. തെരഞ്ഞെടുപ്പിൽ തോറ്റാൽ ഒലിച്ചു പോകുന്ന പാർട്ടിയോ മുന്നണിയോ അല്ല നമ്മുടേത്. സംസ്ഥാനത്തെ വോട്ടർമാരിൽ 44 ശതമാനത്തിന്റെ പിന്തുണയേ ഇടതുപക്ഷത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ. 56 ശതമാനം പ്രതിപക്ഷത്താണ്‌ . പൂർവാധികം ശക്തിയോടെ നമ്മൾ തിരിച്ചു വരും എന്നതിന്റെ സൂചനയാണത്. . അതിനു പക്ഷേ കഠിനാധ്വാനം ആവശ്യമാണ്. നമ്മുടെ ബലഹീനതകളും പോരായ്മകളും കണ്ടെത്തി പരിഹാരം കാണണം. അതിനു ഇടതുമുന്നണിയിൽ നിന്നും ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്..

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റും നേടി യു ഡി എഫ് വൻവിജയം കരസ്ഥമാക്കിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പും അതുപോലെ എളുപ്പത്തിൽ ജയിച്ചു കയറാമെന്നു നമ്മളിൽ പലരും പ്രതീക്ഷിച്ചു. ആരോപണങ്ങളുടെയും അപവാദങ്ങളുടെയും നടുവിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നേരിട്ട എൽ ഡി എഫ് മെച്ചപ്പെട്ട വിജയം നേടി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരേ പാറ്റേണിൽ അല്ല എന്ന ന്യായം കണ്ടെത്താനാണ് അപ്പോൾ നമ്മൾ ശ്രമിച്ചത്. സ്വയംവിമർശനപരമായിട്ടു കൂടിയാണ് ഇത് പറയുന്നത്. പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും വ്യക്തിയിലോ ഒന്നോ രണ്ടോ വ്യക്തികളിലോ കെട്ടിവെക്കുന്നതിൽ അർത്ഥമില്ല. ജയിക്കുമ്പോൾ നേതൃത്വത്തെ വാനോളം പുകഴ്ത്തുന്നവർ തോൽവി സംഭവിക്കുമ്പോൾ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പാണ്. രോഗം എന്താണെന്നു കണ്ടെത്തി ആവശ്യമായ ചികിത്സ നൽകണമെന്നതിൽ തർക്കമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് തകർന്നടിഞ്ഞപ്പോൾ സിപിഎമ്മിലോ ഇടതുമുന്നണിയിലോ നമ്മൾ ഒരപസ്വരവും കേട്ടില്ല. തോൽവിക്ക് കാരണമായ വിഷയങ്ങൾ പഠിച്ചു അവർ പരിഹാരം കണ്ടെത്തി. 2016 ലെ തെരഞ്ഞെടുപ്പിൽ നിന്ന് 2021 ൽ എത്തിയപ്പോൾ ഇടതുമുന്നണിയിലെ കക്ഷിനിലയിൽ വന്ന മാറ്റവും അത് തെരഞ്ഞെടുപ്പിൽ ചെലുത്താനിടയുള്ള സ്വാധീനവും നമ്മൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. യു ഡി എഫിനോടൊപ്പമുണ്ടായിരുന്ന രണ്ടു പാർട്ടികൾ എൽ ഡി എഫിലേക്കു പോയി. അതിന്റെ നേട്ടം അവർക്കു ലഭിച്ചു. കേരളാ കോൺഗ്രസ് നാലു പതിറ്റാണ്ടായി യു ഡി എഫിൽ നിലയുറപ്പിച്ചവരായിരുന്നു. ഇടക്കാലത്തു അവർ യൂഡി എഫിൽ നിന്ന് മാറിനിന്നപ്പോൾ പിണക്കം തീർത്തു തിരിച്ചു കൊണ്ടുവരാൻ കോൺഗ്രസിന് അവകാശപ്പെട്ട ഒരു രാജ്യസഭാ സീറ്റ് നൽകേണ്ടി വന്നു. ഇതിനെതിരെ പാർട്ടിയിൽ ഉണ്ടായ പുകിൽ കുറച്ചെങ്കിലുമാണോ ? മധ്യകേരളത്തിൽ വേരോട്ടമുള്ള പാർട്ടിയെ മുന്നണിയിൽ ഉറപ്പിച്ചു നിർത്താൻ നടത്തിയ തന്ത്രപരമായ നീക്കം തകർക്കാൻ കോൺഗ്രസുകാർ ചാടിയിറങ്ങി. നേരെമറിച്ചു സിപിഎം ചെയ്തതു നോക്കുക. കെ എം മാണിയെ ബാർ കോഴക്കാരനായി ചിത്രീകരിച്ചു നിരവധി സമരങ്ങൾ നടത്തിയ സിപിഎമ്മിന് ഇടതു മുന്നണിയിലേക്ക് അവരെ ക്ഷണിക്കാൻ ഒരു മടിയും ഉണ്ടായില്ല. അക്കാര്യത്തിൽ ഘടക കക്ഷികളുടെ എതിർപ്പ് അവർ അവഗണിച്ചു.മുന്നണിയെ നയിക്കുന്ന പാർട്ടി എന്ന നിലയിൽ അവർ എടുക്കുന്ന തീരുമാനങ്ങൾ ഘടകകക്ഷികളെക്കൊണ്ടു അംഗീകരിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിന്റെ ഗുണം ലഭിച്ചപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന് ആവശ്യങ്ങൾ അംഗീകരിച്ചു സീറ്റ് നൽകി. ജയിച്ചപ്പോൾ ഒരു മന്ത്രി സ്ഥാനവും ചീഫ്‌വിപ്പ് പദവിയും നൽകി. എൽ ഡി എഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന്റെ പാർട്ടിയെ മുന്നണിയിൽ ഉറപ്പിച്ചു നിർത്താനും നമ്മൾക്ക് കഴിഞ്ഞോ ? . യു ഡി എഫിൽ നിന്ന് ലഭിച്ച രാജ്യസഭാ സീറ്റ് രാജി വെച്ച വീരന്ദ്രകുമാറിനെ അടുത്ത ഒഴിവിൽ എൽ ഡി എഫ് പരിഗണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നു സിറ്റിംഗ് സീറ്റുകളാണ് അവർക്കു മത്സരിക്കാൻ കൊടുത്തത്. യു ഡി എഫിലായിരുന്നു ഇങ്ങനെ ചെയ്തതെങ്കിൽ ഭൂകമ്പം ഉണ്ടാകുമായിരുന്നില്ലേ ?

നിയമസഭാ തെരഞ്ഞെടുപ്പിൽ 33 സിറ്റിംഗ് എം എൽ എ മാരെയാണ് സിപിഎം മാറ്റി നിർത്തിയത്. മുതിർന്ന നേതാക്കന്മാർക്കു സീറ്റ് നിഷേധിച്ചു. മന്ത്രിസഭ ഉണ്ടാക്കിയപ്പോൾ പരിചയ സമ്പന്നരെ ഒഴിവാക്കി. . മുഖ്യമന്ത്രിയുടെ മരുമകനെയും സിപിഎം സെക്രട്ടറിയുടെ ഭാര്യയെയും മന്ത്രിമാരാക്കി. സംസ്ഥാനത്തു ഏറ്റവും കൂടുതൽ വോട്ടു നേടി വിജയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയെ കറിവേപ്പില പോലെ പുറത്തേക്കു തള്ളി.എന്നിട്ടും ആ പാർട്ടിയിൽ ആരും തല മുണ്ഡനം ചെയ്തില്ല. ആരും വാവിട്ടു നിലവിളിച്ചില്ല. പാർട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയില്ല. അവഗണിച്ചെന്നു പറഞ്ഞു പാർട്ടി മാറിയില്ല. ഇതുകൊണ്ടെല്ലാമാണ് അവരിൽ നിന്നും നമ്മൾ കുറേ പഠിക്കാനുണ്ടെന്നു പറഞ്ഞത്. രാഷ്ട്രീയം എന്നാൽ ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചേർന്നതാണ്.. ജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും പാർലമെന്ററി പദവികൾ ആവശ്യമില്ല. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് നമ്മുടെ മുന്നിലെ ഉത്തരവാദിത്തം.https://www.facebook.com/1503949783157083/posts/2901339000084814/

Spread the love

Leave a Reply

Your email address will not be published. Required fields are marked *