ന്യൂനപക്ഷങ്ങളെ അനുകൂലമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് എം.വി ഗോവിന്ദന്‍

ന്യൂനപക്ഷങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇതിന്റെ ഭാഗമായാണ് ന്യൂനപക്ഷ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ആരെങ്കിലും പറയുന്നത് കൊണ്ട് റബ്ബര്‍ വില വര്‍ധിക്കില്ല. വിഷയം വര്‍ഗപരമാണ്, തൃപുരയുടെ പാഠം മുന്നിലുണ്ട്. തെറ്റിദ്ധാരണയുള്ളവര്‍ അനുഭവത്തില്‍ നിന്ന് പഠിക്കുമെന്ന് അദേഹം പറഞ്ഞു.

അതേസമയം, തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി. ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന്കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.സബ് കാ സാഥ് സബ് കാ വികാസ് എന്ന മന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ ഇന്ത്യക്കാരുടെയും വികസനത്തിനായി പ്രവര്‍ത്തിക്കുകയാണ്.

ജാതി, മത ചിന്തകള്‍ക്കതീതമായ അദ്ദേഹത്തിന്റെ സമഗ്ര വീക്ഷണം രാജ്യത്തെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതും ഒപ്പം സമൂഹം അഭിമുഖീകരിക്കുന്ന പൊതുവായ ഭീഷണികളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതുമാണ്. അതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *