
മുംബൈ: സൂര്യകുമാര്‍ യാദവിന്റെ മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം.ബാംഗ്ലൂര്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മുംബൈ മറികടന്നു. ജയത്തോടെ 11 കളികളില്‍ നിന്ന് 12 പോയന്റുമായി മുംബൈ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവാണ് മുംബൈ ജയം അനായാസമാക്കിയത്. 35 പന്തുകള്‍ നേരിട്ട സൂര്യകുമാര്‍ യാദവ് ഏഴ് ഫോറിന്റെയും ആറ് സിക്‌സുകളുടെയും അകമ്ബടിയോടെ 83 റണ്‍സെടുത്തു. മൂന്നാം വിക്കറ്റില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സൂര്യകുമാര്‍ – നേഹല്‍ വധേര സഖ്യത്തിന്റെ പ്രകടനമാണ് വിജയത്തില്‍ നിര്‍ണായകമായത്. അര്‍ധ സെഞ്ചുറി നേടിയ നേഹല്‍ 34 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 52 റണ്‍സോടെ പുറത്താകാതെ നിന്നു.

മാക്‌സ് വെലും ഡുപ്ലെസിയും തകര്‍ത്തടിച്ചതോടെയാണ് ബാഗ്ലൂരിന് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായത്. തുടക്കത്തില്‍ തന്നെ വിരാടിനെയും അനൂജ് റാവത്തിനെയും നഷ്ടമായെങ്കിലും തകര്‍പ്പനടിയോടെയാണ് ബാഗ്ലൂരിന്റെ റണ്‍സ് മാക്‌സ് വെലും ഡുപ്ലെസിയും സ്‌കോര്‍ ഉയര്‍ത്തിയത്. മാകസ് വെല്ലാണ് ബാംഗ്ലൂര്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. 33 പന്തില്‍ നിന്ന് 68 റണ്‍സ് താരം നേടി. ഇതില്‍ നാല് സിക്‌സറും 8 ഫോറും ഉള്‍പ്പെടുന്നു.
65 റണ്‍സാണ് ഡുപ്ലെസിയുടെ സമ്ബാദ്യം. 41 പന്ത് നേരിട്ട ഡുപ്ലെസി മൂന്ന് തവണ സിക്‌സറും അഞ്ച് തവണ പന്ത് അതിര്‍ത്തി കടത്തുകയും ചെയ്തു. ദിനേഷ് കാര്‍ത്തിക് 18 പന്തില്‍ നിന്ന് 30 റണ്‍സ് നേടി. കോഹ് ലി 1, അനുജ് റാവത്ത് 6, മഹിപാല്‍ 1, പുറത്താകാതെ കേദാര്‍ ജാദവ് 12, ഹസരംഗ 12 റണ്‍സ് നേടി.
മുംബൈയ്ക്കായി ജേസണ്‍ ബെഹ്‌റെന്‍ഡോഫ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. കാമറോണ്‍ ഗ്രീന്‍, ക്രിസ് ജോര്‍ഡന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
