കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്തതിന് വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരാതി. ജനതാദള്‍ (യുണൈറ്റഡ്) ജില്ലാ പ്രസിഡന്റ് കളത്തിങ്ങല്‍ സുരേഷാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി നല്‍കിയത്. വടകര പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ അശോക്കുമാര്‍ സല്‍വാരിയയ്ക്ക് സുരേഷ് പരാതി നല്‍കിയത്.
കൊയിലാണ്ടി ചേലിയ യു പി സ്‌കൂളില്‍, സ്‌കൂള്‍ അധികൃതരുടെ സമ്മതമില്ലാതെ വ്യാജമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ചേലിയ യു പി സ്‌കൂളിന്റെ ശതാബ്ദി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9ന് മുന്‍ മന്ത്രി അഡ്വ. പി ശങ്കരന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ ഇതേ പേരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മുല്ലപ്പള്ളിയുടെ ആശ്രിതര്‍ ചേര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അറിയാതെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ച് വന്‍ പണപ്പിരിവ് നടത്തി ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നാണ് പരാതി. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ്.
മാര്‍ച്ച് 15ന് നടത്തിയ ഈ പരിപാടി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടി മാത്രമാണെന്നാണ് പരാതിയില്‍ പറയുന്നത്. ചേലിയ യു പി സ്‌കൂളില്‍ നിലവില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇല്ല. നോട്ടീസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും പേര് വെച്ചിരുന്നുവെങ്കിലും അവരാരും തന്നെ പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനം ദുരുപയോഗം ചെയ്ത് മന്ത്രി തന്നെ ഉണ്ടാക്കിയ കടലാസ്സ് സംഘടനയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയെന്നും പരിപാടിയില്‍ സ്‌കൂള്‍ അധികൃതര്‍ ആരും പങ്കെടുത്തിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം വിപുലമായി നടത്തിയ ശതാബ്ദി ആഘോഷം ഇക്കഴിഞ്ഞ ദിവസം വീണ്ടും നടത്തിയത് ചേലിയ സ്‌കൂളില്‍ വെച്ചായിരുന്നില്ല. ചേലിയ അങ്ങാടിയില്‍ റോഡരികിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ അധീനതയിലുള്ള സ്ഥാപനങ്ങളുടെ പേരില്‍ നടക്കുന്ന ഉദ്ഘാടനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് ചട്ടം.
ഇത് കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ എയ്ഡഡ് ഉള്ള സ്ഥാപനമായ ചേലിയ യു പി സ്‌കൂളിന്റെ പേര് ഉപയോഗിച്ച് നടത്തിയ വ്യാജ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതുകൊണ്ടു തന്നെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ അധികാര ദുര്‍വിനിയോഗം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും അയോഗ്യനാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
