മുല്ലപ്പെരിയാർ മരംമുറി; മന്ത്രിയുടെ വാദം തെറ്റ്‌

മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരംമുറിയുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയിൽ പിഴവ്. ഉത്തരവ് ഇറക്കും മുമ്പ് കേരളത്തിലേയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായാണ് പുറത്തുവരുന്ന വിവരം. ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു ഇന്നലെ ‌വനംമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇന്നലത്തെ പ്രസ്താവന മന്ത്രി ഇന്ന് തിരുത്തും. ഇതിനായി സ്പീക്കർക്ക് നോട്ട് നൽകി.

സംയുക്ത പരിശോധന നടന്നുവെന്ന് സർക്കാർ ഇന്ന് സഭയിൽ മാറ്റിപ്പറയുന്നത് പ്രതിപക്ഷം ആയുധമാക്കും. സംയുക്ത പരിശോധന നടത്തിയ ശേഷം മരം മുറി ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്താനാകും എന്ന വാദമായിരിക്കും പ്രതിപക്ഷം ഉന്നയിക്കുക. സംയുക്ത പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവ് വന്നത് എന്നതിനാൽ ഒന്നും അറിഞ്ഞില്ലെന്ന സർക്കാർ വാദം ദുർബലമാകുകയാണ്. സർക്കാരിന്റെ അറിവോടെയല്ലാതെ മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാനാകില്ലെന്ന നിലപാടിലാണ് ഇന്നലെ മുതൽ പ്രതിപക്ഷം.

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രി എ.കെ. ശശീന്ദ്രന് സംഭവത്തിൽ കടുത്ത അതൃപ്തിയുണ്ട്. നിർണായക ഉത്തരവുകൾ കൂടിയാലോചന ഇല്ലാതെ ഇറങ്ങുന്നതിലെ അതൃപ്തി മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. വിവാദ ഉത്തരവ് ഇറക്കിയതിൽ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടിയുണ്ടാവും.

ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. അതേസമയം മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *