മുല്ലപ്പെരിയാർ ;കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുല്ലപ്പെരിയാര്‍ വിഷയത്തിൽ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്നത് തടയണമെന്നാണ് ആവശ്യം. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്റെ നടപടി തടയണമെന്ന് കേരളം ഹർജിയിൽ ആവശ്യപ്പെടുന്നു. ഒഴുക്കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാൻ ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു സമിതിക്ക് രൂപം നൽകണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേരളത്തിന്റെ പരാതി തള്ളി ഇന്നലെ തമിഴ്‌നാട് സര്‍ക്കാര്‍ സത്യവാങ്മൂലം നൽകി. കേരളത്തിന് കൃത്യമായ സമയങ്ങളിൽ മുന്നറിയിപ്പ് നൽകിയാണ് വെള്ളം തുറന്നുവിട്ടതെന്ന് അതിൽ തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നു. വെള്ളം കയറിയെന്ന് പറയുന്ന വീടുകൾ പെരിയാര്‍ തീരത്തു നിന്ന് എത്ര അകലെയെന്ന് കേരളം പറയുന്നില്ല, പെരിയാര്‍ തീരത്ത് കൈയേറ്റമില്ലെങ്കിൽ ഒരു നാശനഷ്ടവും ഉണ്ടാകില്ലെന്നും തമിഴ്നാട് വാദിക്കുന്നു. വെള്ളം തുറന്ന് വിടുന്നതിൽ തീരുമാനം എടുക്കാൻ സംയുക്ത സമിതി വേണമെന്ന ആവശ്യവും തമിഴ്നാട് തള്ളിയിരുന്നു. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസം നിൽക്കുന്നുവെന്നും തമിഴ്നാട് സത്യവാങ്മൂലത്തിൽ ആരോപിച്ചു.

പെരിയാർ തീരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ കേരളം നടപടിയെടുക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. മേൽനോട്ട സമിതി ഉണ്ടായിരിക്കെ മറ്റൊരു സമിതിയുടെ ആവശ്യമില്ലെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *