ന്യൂദല്‍ഹി; കേന്ദ്ര മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പ്രസംഗത്തെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്.
ഇന്ത്യയിലുള്ള ക്രൈസ്തവരും മുസ്‌ലീങ്ങളും രാമന്റെ മക്കളാണെന്നായിരുന്നു സ്വാധി നിരഞ്ജന്‍ ജ്യോതി പ്രസംഗിച്ചത്. ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കുകയായിരുന്നു.

എന്നാല്‍ സ്വാധിയുടെ പ്രസംഗം അനുചിതമായിപ്പോയി എന്നും പ്രസംഗിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ലമെന്റില്‍ പറഞ്ഞു.
സ്വാധിയുടേതു പോലുള്ള ഭാഷാ പ്രയോഗങ്ങളെ താന്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. മാത്രമല്ല. പ്രസംഗത്തിന്റെ പേരില്‍ മന്ത്രി ലോക്‌സഭയില്‍ മാപ്പു പറഞ്ഞിട്ടുള്ളതുമാണ്. ഇനി ഇതിന്റെ പേരില്‍ ബഹളമുണ്ടാക്കരുത്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റില്‍ ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും സ്തംഭിച്ചിരിക്കേയാണ് മോഡി ഇടപെട്ട് സംസാരിച്ചത്.
മാപ്പര്‍ഹിക്കാത്ത തെറ്റാണ് മന്ത്രി സ്വാധി ചെയ്തതെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി ഉപനേതാവ് ആനന്ദ ശര്‍മയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സ്വാധിയ്ക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് സി.പി.എം പി.ബി അംഗം സീതാറാം യെച്ചൂരിയും സഭയില്‍ ഉന്നയിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് സ്വാധി വിവാദ പ്രസംഗം നടത്തിയത്. രാജ്യത്തെ ക്രൈസ്തവരും മുസ്‌ലീങ്ങളും രാമന്റെ മക്കളാണെന്നും ഇതില്‍ വിശ്വസിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമാണ് മന്ത്രി പ്രസംഗിച്ചിരുന്നത്.













