പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മന്ത്രി വി.എൻ വാസവൻ. ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിക്ക് അനുകൂലമായി ഭാഗ്യം പിറക്കുമെന്ന് മന്ത്രി പ്രതികരിച്ചു. പോളിങ് ശതമാനത്തിന്റെ കുറവോ കൂടുതലോ ഒന്നും വിജയപരാജയത്തിന്റെ അളവുകോലായി നിശ്ചയിക്കാനാവില്ലെന്നും ഭൂരിപക്ഷം മുൻകൂട്ടി പ്രചവിക്കുന്നയാളല്ല താനെന്നും മന്ത്രി പറഞ്ഞു.
ഭൂരിപക്ഷം 60,000 ഒക്കെ കിട്ടുമെന്നാണ് ആദ്യം യുഡിഎഫ് നേതാക്കൾ പ്രവചിച്ചുകണ്ടത്. ഇപ്പോഴത് താഴ്ന്നിട്ടുണ്ട്. കഞ്ഞിയും പയറും കഴിക്കുന്നതായിട്ട് ആദ്യമേ സ്വപ്‌നം കാണേണ്ട, പാൽപ്പായസം തന്നെ കഴിക്കുന്നതായി കണ്ടോട്ടെ.
ഓഡിയോ ക്ലിപ്പിന്റെയും വീഡിയോ ക്ലിപ്പിന്റേയുമൊന്നും ഉത്തരവാദിത്തം ഞങ്ങളുടെ തലയിൽ കെട്ടിവയ്‌ക്കേണ്ട.രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കിൽ അതിലെങ്ങനെ എൽഡിഎഫ് ഭാഗമാകും. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസിന്റെ ഡിസിസി ഭാരവാഹിയുമായിരുന്ന വിജയകുമാറാണ് ആ സംഭാഷണത്തിന്റെ ഒരു തലയ്ക്കൽ. മറ്റൊന്ന് എം മധുവാണ്. അതൊന്ന് അന്വേഷിക്കാൻ പറയാൻ തയാറാണോ യുഡിഎഫ്?.. ഞങ്ങളതിനെ സന്തോഷത്തോടെ പിന്തുണയ്ക്കും.














