മിത്ര 181 ഹെൽപ്പ് ലൈനും 1098 ഹെൽപ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്

വിവിധതരം വെല്ലുവിളികൾ നേരിടുന്ന സ്ത്രീകൾക്ക് സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന മിത്ര 181 ഹെൽപ്പ് ലൈനും കുട്ടികൾക്കായുള്ള 1098 ഹെൽപ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോർജ്. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കിൽ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്ട് ചെയ്യാനുള്ള സംവിധാനമുണ്ടാകും.

ജില്ലാതലത്തിലും വികേന്ദ്രീകൃതമായി സേവനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് ജില്ലാതല ഓഫീസർമാരുടെ പദ്ധതി പ്രവർത്തന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ മാസവും ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ നേരിട്ട് അവലോകനം ചെയ്യും. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടേയും സ്‌കീമുകളുടേയും പുരോഗതി നേരിട്ട് വിലയിരുത്തുന്നതാണ്. പ്രായം കുറഞ്ഞ വകുപ്പാണെങ്കിലും ജനങ്ങൾ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന വകുപ്പാണ് വനിതാ ശിശുവികസനം.

ഏറ്റവും കരുതലും ക്ഷേമവും ഉറപ്പാക്കേണ്ടവരാണ് സ്ത്രീകളും കുട്ടികളും. അതിനാൽ വനിതാ ശിശുവികസന വകുപ്പ് കുട്ടികളുടേയും സ്ത്രീകളുടേയും ആശ്രയ കേന്ദ്രമായി മാറണം. ആപത്തുണ്ടായാൽ പെട്ടെന്ന് ആശ്രയിക്കാവുന്ന ഇടമായി വകുപ്പിന്റെ പ്രവർത്തനങ്ങൾ മാറണം.വനിത ശിശുവികസന വകുപ്പിലെ സീനിയർ സൂപ്രണ്ട് മുതൽ യൂണിറ്റ് ഓഫീസർമാർ വരെ ഫീൽഡ്തലത്തിൽ സന്ദർശനം നടത്തി എത്രമാത്രം നേട്ടങ്ങൾ കൈവരിച്ചുവെന്ന് വിലയിരുത്തണം. പഞ്ചിംഗ് കൃത്യമായി നടപ്പാക്കണം.

വനിത ശിശുവികസന വകുപ്പിന്റെ എല്ലാ ഓഫീസുകളും സമയബന്ധിമായി ഇ-ഫയലിലേക്ക് മാറ്റണം. ഡയറക്ടറേറ്റിൽ പൂർണ തോതിൽ ഇത് നടപ്പാക്കണം. നിർമ്മാണം നടന്നുവരുന്ന 191 സ്മാർട്ട് അങ്കണവാടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. അങ്കണവാടികളിലെ വൈദ്യുതീകരണം നല്ലരീതിയിൽ നടന്നു വരുന്നു. വൈദ്യുതി ലഭ്യമാക്കാൻ സാധിക്കാത്ത 130 അങ്കണവാടികളിൽ കെഎസ്ഇബിയുടെ സഹായത്തോടെ സോളാർ പാനൽ സ്ഥാപിക്കും.നിർഭയ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കാനുള്ള നടപടി സ്വീകരിക്കും.

അവധിക്കാലത്ത് സ്‌കൂൾ കൗൺസിലർമാരുടെ സേവനം നല്ല രീതിയിൽ വിനിയോഗിക്കണം. ഇത് കൃത്യമായി നിരീക്ഷിക്കണം. സ്‌കൂൾ ആരോഗ്യ പദ്ധതി സാക്ഷാത്ക്കരിക്കാൻ സർക്കാർ വലിയ ഇടപെടൽ നടത്തിവരുന്നു. അതിൽ വനിതാ ശിശുവികസന വകുപ്പിന് വലിയ പ്രാധാന്യമുണ്ട്. എല്ലാ സർക്കാർ ഹോമുകളിലും കളിസ്ഥലങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുന്നു.

വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ജി. പ്രിയങ്ക, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, എല്ലാ ജില്ലകളിലേയും വനിത ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർമാർ, പ്രോഗ്രാം ഓഫീസർമാർ, ഡി.സി.പി.ഒ.മാർ, ഡബ്ല്യു.പി.ഒ.മാർ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *