ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സെക്കൻഡിൽ 40000 ലീറ്റർ വെള്ളം ഒഴുക്കിവിടും. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വേണ്ടി വന്നാൽ കൂടുതൽ വെള്ളം നിയന്ത്രിതമായി തുറന്നു വിടുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തമിഴ്‌നാടിനോട് കൂടുതൽ ജലം കൊണ്ടുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റൂൾ കർവിന് മുകളിലേക്ക് വെള്ളം പിടിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ തമിഴ്‌നാട് റൂൾ കർവ് പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടർ ഇന്ന് രാവിലെ 10 മണിക്കാകും തുറക്കുക. ഒരു ഷട്ടർ 40 സെൻറീമീറ്റർ ഉയർത്തി 40000 ലിറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കുക. വൃഷ്ടിപ്രദേശത്ത് മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് നടപടി.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. മൂന്ന് നാല് ഷട്ടറുകൾ 30 സെൻറീമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഷട്ടറുകളിലൂടെ 772 കൂസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ 8 മണിക്ക് ഡാം ഷട്ടർ തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ 5.30 യ്ക്ക് 141 അടിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *