താല്‍ക്കാലിക നിയമനങ്ങളെല്ലാം എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നടത്തുമെന്ന സര്‍ക്കാര്‍ നിലപാട് അട്ടിമറിച്ച് കൊണ്ട് നിയമ മന്ത്രി പി രാജീവന്റെ വകുപ്പില്‍ 18 താല്‍ക്കാലിക നിയമനങ്ങള്‍. ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ ആണ് സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി താല്‍ക്കാലിക നിയമനങ്ങള്‍ നടന്നിരിക്കുന്നത്.
ഓഫിസ് അറ്റന്‍ഡന്റ് 14 , ഡ്രൈവര്‍ 3, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് 1 എന്നിങ്ങനെയാണ് താല്‍ക്കാലിക നിയമനങ്ങള്‍ നടന്നിരിക്കുന്നത്. നിയമിക്കപ്പെട്ടവരെല്ലാം സി പി എമ്മുമായി ബന്ധമുള്ളവരാണ്. ഇവര്‍ക്ക് ശമ്പളം കൊടുക്കാന്‍ ഒരു വര്‍ഷം 30 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. നിയമവകുപ്പില്‍ നിന്ന് ഒക്ടോബര്‍ 6 ന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം 2.45 ലക്ഷം രൂപയാണ് സെപ്റ്റംബര്‍ മാസത്തെ ശമ്പളത്തിനായി ഇവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. 40 ഓഫിസ് അറ്റന്‍ഡന്റ്മാര്‍ നിയമ വകുപ്പില്‍ സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമേയാണ് പാര്‍ട്ടിക്കാരായ 18 പേരെ താല്‍ക്കാലിക തസ്തികകളിലേക്ക് എടുത്തത്.

പേപ്പര്‍ രഹിത ഫയലുകള്‍ (ഇ ഫയലുകള്‍) ആണ് നിയമ വകുപ്പില്‍ കൂടുതലും . ഒറ്റ ക്ലിക്കിന് ഫയലുകള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് പറന്ന് പോകുമ്പോള്‍ ഓഫിസ് അറ്റന്‍ഡന്റിന് ജോലി ഇല്ലെന്ന് തന്നെ പറയാം. ഒരു ജോലിയും ഇല്ലാതെ, ഓരോ വര്‍ഷവും 30 ലക്ഷം ചെലവഴിച്ച് പിന്‍ വാതിലൂടെ കയറിയ പാര്‍ട്ടിക്കാരായ നിയമവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരെ എന്തിനാണ് സര്‍ക്കാര്‍ തീറ്റിപോറ്റുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
തിരുവനന്തപുരം നഗരസഭയില്‍ കത്ത് വിവാദമുയര്‍ന്നതോടെ എല്ലാ താല്‍ക്കാലിക നിയമനങ്ങളും എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് വഴി നടത്തുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നിയമ മന്ത്രിയുടെ വകുപ്പില്‍ തന്നെ താല്‍ക്കാലിക നിയമങ്ങള്‍ നടത്തിക്കൊണ്ട് ആ നിലപാടിനെ അ
ട്ടിമറിച്ചിരിക്കുകയാണ്.













