ഗണിതശാസ്ത്രത്തിനുള്ള ‘നൊബേല്‍’ ഇന്ത്യന്‍ വംശജന്‌


manjul-bhargava-new
വാഷിംഗ്ടണ്‍: ഗണിതശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം’ എന്നറിയപ്പെടുന്ന ‘ഫീല്‍ഡ് മെഡല്‍ ഇന്ത്യന്‍ വംശജനായ മഞ്ജുള്‍ ഭാര്‍ഗവയ്ക്ക്. മഞ്ജുള്‍ ഉള്‍പ്പടെ നാലുപേരാണ് ഫീല്‍ഡ് മെഡലിന് അര്‍ഹരായത്്. ഇതാദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ഫീല്‍ഡ് മെഡല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനാവുന്നത്.


മഞ്ജുളിന് പുറമെ ഇറാനിയന്‍ വംശജയും കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ഗണിത പ്രൊഫസറുമായ മറിയം മിര്‍സാഖാനി, ഓസ്ട്രിയന്‍ ഗണിതവിദഗ്ധന്‍ മാര്‍ട്ടിന്‍ ഹെയ്‌രര്‍, പാരീസില്‍ മാത്തമാറ്റിക്‌സ് ഓഫ് ജുസ്സ്യൂ ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ബ്രസീലിയന്‍ വംശജന്‍ ആര്‍തര്‍ അവില എന്നിവര്‍ക്കാണ്് പുരസ്‌കാരം ലഭിച്ചത്.


ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യുണിയന്റെ നാലുവര്‍ഷത്തിലൊരിക്കല്‍ ചേരുന്ന അന്താരാഷ്ട്ര കോണ്‍ഗ്രസാണ് 40 വയസില്‍ താഴെയുള്ള ഗണിതശാസ്ത്രജ്ഞര്‍ക്ക് ഫീല്‍ഡ് മെഡല്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. 15,000 ഡോളര്‍ ആണ് സമ്മാനത്തുക.

ഇന്ത്യന്‍ വംശജനാണെങ്കിലും കാനഡയിലെ ഒന്റാറിയോയിലെ ഹാമില്‍ട്ടനിലാണ് മഞ്ജുള്‍ ഭാര്‍ഗവ ജനിച്ചത്. ഗണിതശാസ്ത്രജ്ഞയായ അമ്മ മീര ഭാര്‍ഗവ ഹോഫ്‌സ്ട്ര സര്‍വകലാശാലയിലെ ഗണിത അധ്യാപികയാണ്.’ഗണിത മാന്ത്രികന്‍’ എന്ന പേരിലറിയപ്പെടുന്ന മഞ്ജുള്‍ ഭാര്‍ഗവ പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗണിത ശാസ്ത്രജ്ഞന്‍ കൂടിയാണ്.



Sharing is Caring