ചെല്‍സിയെ ഒന്നിനെതിരെ നാല് ഗോളിന് നാണം കെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുൻ ചാമ്ബ്യന്മാരായ ചെല്‍സിയെ ഒന്നിനെതിരെ നാല് ഗോളിന് നാണം കെടുത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്ബ്യൻസ് ലീഗിന്.ഇതോടെ ലിവര്‍പൂളിന്റെ ചാമ്ബ്യൻസ് ലീഗ് പ്രതീക്ഷകള്‍ക്കും വിരാമമായി. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സണല്‍, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവയാണ് യുനൈറ്റഡിന് പുറമെ യോഗ്യത നേടിയത്.

ആറാം മിനിറ്റില്‍ ക്രിസ്റ്റ്യൻ എറിക്സണ്‍ എടുത്ത ഫ്രീകിക്ക് ക്ലോസ് റേഞ്ച് ഹെഡറിലൂടെ വലയിലെത്തിച്ച്‌ കാസെമിറോയാണ് യുനൈറ്റഡിന്റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ആന്റണി മാര്‍ഷ്യല്‍ ലീഡ് ഇരട്ടിയാക്കി. ജേഡൻ സാഞ്ചേയാണ് ഇത്തവണ ഗോളിന് വഴിയൊരുക്കിയത്. 73ാം മിനിറ്റില്‍ വെസ്‍ലി ഫൊഫാനയുടെ ഫൗളിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ബ്രൂണോ ഫെര്‍ണാണ്ടസ് ലീഡ് മൂന്നായി ഉയര്‍ത്തി. അഞ്ച് മിനിറ്റിനകം ഫൊഫാനയുടെ തന്നെ പിഴവില്‍ മാര്‍കസ് റാഷ്ഫോഡ് കൂടി വല കുലുക്കിയതോടെ ചെല്‍സി തളര്‍ന്നു. സീസണില്‍ താരത്തിന്റെ 30ാം ഗോള്‍ ആണ് പിറന്നത്.

എന്നാല്‍, കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കെ ഹക്കിം സിയേഷിന്റെ അസിസ്റ്റില്‍ ജാവോ ഫെലിക്സ് ഒരു ഗോള്‍ തിരിച്ചടിച്ചതോടെയാണ് വൻ നാണക്കേടില്‍നിന്ന് ചെല്‍സി രക്ഷപ്പെട്ടത്. ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായെത്തിയ ശേഷം അവസാന പത്ത് കളിയിലെ എട്ടാം തോല്‍വിയാണിത്. 37 കളികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 43 പോയന്റുമായി 12ാം സ്ഥാനത്താണവര്‍.

മത്സരത്തില്‍ ട്രേവോ ചലോബയുടെ മാരക ഫൗളിനിരയായി കാലിന് ഗുരുതര പരിക്കേറ്റ യുനൈറ്റഡിന്റെ ബ്രസീലിയൻ താരം ആന്റണിയെ സ്ട്രെച്ചറിലാണ് കൊണ്ടുപോയയത്. രണ്ടാഴ്ചക്ക് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള എഫ്.എ കപ്പ് ഫൈനലില്‍ താരത്തിന് ബൂട്ടണിയാൻ കഴിഞ്ഞേക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *