മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ഇന്ന് ചുമതലയേറ്റെടുക്കും

കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേറ്റെടുക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് സോണിയ ഗാന്ധിയില്‍ നിന്നാണ് ഖാര്‍ഗെ അധികാരമേറ്റെടുക്കുക. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഖാര്‍ഗെക്ക് ആശംസകളറിയിക്കും.

പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാര്‍ഗെ നേതൃത്വം നല്‍കും. അധ്യക്ഷനായ ശേഷം ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി എത്തുന്നത്.

ഭാരത് ജോഡോ യാത്രക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. പ്രവര്‍ത്തക സമിതിയംഗങ്ങള്‍, എംപിമാര്‍, പിസിസി അദ്ധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ ചടങ്ങിലെത്തും.

തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവച്ച ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ നിയുക്ത പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ,നെഹ്രു കുടുംബവുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *