തിരുവനന്തപുരം: തിരുവനന്തപുരം – ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകള്‍ ഇരട്ടിയാക്കി ഉയര്‍ത്തുവാന്‍ തയ്യാറെടുത്ത് മലേഷ്യ എയര്‍ലൈന്‍സ്. ഉയര്‍ന്നുവരുന്ന ആവശ്യകതയും പോസിറ്റീവ് ലോഡ് ഫാക്ടറും മുന്‍നിര്‍ത്തിക്കൊണ്ട് 2024 ഏപ്രില്‍ 3 മുതല്‍ പുതിയ സര്‍വ്വീസുകള്‍ കമ്പനി ആരംഭിക്കും. 2023 നവംബര്‍ മാസത്തിലാണ് തിരുവനന്തപുരത്തുനിന്നും മലേഷ്യ എയര്‍ലൈന്‍സിന്റെ ആദ്യ ഫ്‌ളെറ്റ് സര്‍വ്വീസ് ആരംഭിച്ചത്. ആഴ്ചയില്‍ 4 ഫ്‌ലൈറ്റുകളാണ് നിലവില്‍ ഈ റൂട്ടില്‍ ഉള്ളത്. അമൃത്സര്‍ – ക്വലാലംപൂര്‍ റൂട്ടിലെ സര്‍വ്വീസുകളിലെ എണ്ണത്തില്‍ 2024 ജനുവരി 15 മുതല്‍ വര്‍ധനവ് വരുത്തിയതിന് പിന്നാലെയാണ് കമ്പനിയുടെ ഈ പുതിയ തീരുമാനം.
തിരുവനന്തപുരത്ത് നിന്നുമുള്ള മലേഷ്യ എയര്‍ലൈന്‍സിന്റെ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലൂടെ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള കണക്ടിവിറ്റി ആഴ്ചയില്‍ 71 ഫ്‌ളൈറ്റുകളായി ഉയരും. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, അമൃത്സര്‍, തിരുവനന്തപുരം എന്നിങ്ങനെ ഇന്ത്യയില്‍ ഒന്‍പത് പ്രധാന നഗരങ്ങളില്‍ നിന്നും മലേഷ്യ എയര്‍ലൈന്‍സ് സര്‍വ്വീസുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
മലേഷ്യ എയര്‍ലൈന്‍സിന്റെ ആഗോള സേവന ശൃംഖലയില്‍ സുപ്രധാന ഘടകമായി ഇന്ത്യ തുടരുകയാണ്. തിരുവനന്തപുരത്തുനിന്നും അധികസേവനങ്ങള്‍ ആരംഭിക്കുന്നതിലൂടെ ഒന്‍പത് നഗരങ്ങളിലായി ആഴ്ചയില്‍ ആകെ 71 ഫ്‌ളൈറ്റുകള്‍ എന്ന നിലയിലേക്ക് ഞങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. അതിന് പുറമേ, കൂടുതല്‍ മെച്ചപ്പെട്ട യാത്രാ സംവിധാനങ്ങിലൂടെ മലേഷ്യയുടെ സൗന്ദര്യം ആവോളം ആസ്വദിക്കുന്നതിനായി ഇന്ത്യന്‍ സഞ്ചാരികള്‍ക്കായി പ്രത്യേക നിരക്കുകള്‍ അവതരിപ്പിക്കുന്നതിലും ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റു ഡെസ്റ്റിനേഷനുകളിലേക്കുള്ള വാതിലാകുവാനും ഇതിലൂടെ ഞങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയില്‍ നിന്നും ആവശ്യകതകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഏറ്റവും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്ന എന്നതിന് തന്നെയാകും ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുക. – ഏവിയേഷന്‍ ഗ്രൂപ്പിന്റെ ചീഫ് കൊമേഴ്ഷ്യല്‍ ഓഫീസര്‍ ദെര്‍സ്‌നിഷ് അരിസന്തിരന്‍ പറഞ്ഞു.
ഫ്‌ളൈറ്റുകളുടെ എണ്ണം ഉയര്‍ത്തുന്നതിലെ ആഘോഷത്തിന്റെ ഭാഗമായി മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പ്രത്യേക നിരക്കുകളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തു നിന്നും ക്വാലാലംപൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് 12,999 രൂപ മുതലാണ് ആരംഭിക്കുന്നത്. അഹമ്മദാബാദില്‍ നിന്ന് 21,799 രൂപ മുതലാണ് നിരക്കുകള്‍. 2024 മെയ് 12 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഫെബ്രുവരി 11 വരെയാണ് ടിക്കറ്റ് ബുക്കിംഗ് സാധിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനുമായി www.malaysiaairlines.com എന്ന മലേഷ്യ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. കമ്പനിയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ എയര്‍ലൈന്‍സിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഏത് സമയത്തും എവിടെ നിന്നും മനസ്സിലാക്കാവുന്നതാണ്.