
മലപ്പുറത്തെ ആൾക്കൂട്ട കൊലപാതകം ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഹാർ സ്വദേശി രാജേഷ് മഞ്ചിയെ രണ്ടരമണിക്കൂറിൽ അധികം കെട്ടിയിട്ട് ഇരുമ്പുവടികൾ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. വാരിയെല്ലിനടക്കം പരിക്കേറ്റാണ് മരണത്തിന് കീഴടങ്ങിയതെന്നും വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല എന്നും സുരേന്ദ്രൻ ചൂണ്ടികാണിച്ചു.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമമുണ്ടായി.
പോലീസ് വീണ്ടെടുത്ത ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകാൻ തയ്യാറായില്ല. ഈ ഭീകരതയുടെ യാഥാർത്ഥ്യം പുറത്തറിയാതിരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപണം ഉയർത്തി. വടക്കോട്ട് നോക്കി സംസാരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ തുടർച്ചയായി ആൾക്കൂട്ട കൊലപാതങ്ങൾ ഉണ്ടാകുന്നു. ആഭ്യന്തര വകുപ്പ് പരാജയമാണെന്നും അദ്ദേഹം അറിയിച്ചു. കൊലപാതകം നടന്നത് മുസ്ലിംലീഗിന് സ്വാധീനമുള്ള സ്ഥലത്താണെന്നും പ്രതികളിൽ പലരും മുസ്ലിം ലീഗ് , പി എഫ് ഐ, സിപിഎം പ്രവർത്തകർ ആണെന്നും സുരേന്ദ്രൻ ചൂണ്ടി കാണിച്ചു.

