മലാപ്പറമ്പ് എ യു പി സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് വേണ്ടി തകര്‍ക്കപ്പെട്ട മലാപ്പറമ്പ് എ യു പി സ്‌കൂള്‍ കെട്ടിടം പുനര്‍നിര്‍മ്മിക്കാന്‍ പൊതുജനങ്ങള്‍ ഫണ്ട് ശേഖരിക്കുന്നു. ഇതിനായി സംഘടനകളും വ്യക്തികളുമെല്ലാം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിഷുവിന് ശേഷം നിര്‍മ്മാണ പ്രവര്‍ത്തി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ കുറേയൊക്കെ സംഭവ സ്ഥലത്തു നിന്നും തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പ് തന്നെ പരമാവധി കെട്ടിടം പണി തീര്‍ക്കാനാണ് സംരക്ഷണ സമിതി ലക്ഷ്യമിടുന്നത്.
സ്‌കൂള്‍ കെട്ടിടം  പുനര്‍നിര്‍മിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മയും രംഗത്തുണ്ട്. ഈ ശ്രമങ്ങള്‍ക്ക് ജനപ്രതിനിധികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായമുണ്ട്. വെള്ളിയാഴ്ചത്തെ സര്‍വകക്ഷി യോഗ തീരുമാന പ്രകാരം സ്‌കൂള്‍ സംരക്ഷണ സമിതിയുടെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മലാപ്പറമ്പ് ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 249001000001625 അക്കൗണ്ട് നമ്പറില്‍ (ഐ എഫ് എസ് കോഡ്: ഐ എഫ് എസ് സി 10 ബി എ 0002490) തുക നിക്ഷേപിക്കുകയോ ചെക്കുകള്‍ നല്‍കുകയോ ചെയ്യാം. പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായമാണ് സംരക്ഷണ സമിതി പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാന്‍ ഭാസി മലാപ്പറമ്പ് വ്യക്തമാക്കി.
ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുട്ടിന്റെ മറവില്‍ പൊളിച്ചുമാറ്റിയ മലാപ്പറമ്പ് എ യു പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ആവശ്യമായ ശ്രമം നടത്തുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍ പറഞ്ഞു. പൊളിച്ചുനീക്കിയ സ്‌കൂള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
സ്‌കൂള്‍ മാനേജര്‍ പി കെ പത്മരാജനെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചേവായൂര്‍ പൊലീസ്  കേസെടുത്തിട്ടുണ്ടെങ്കിലും ആളെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിട്ടില്ല. വെള്ളിയാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും തീരുമാനം നടപ്പാക്കാന്‍ സാങ്കേത ബുദ്ധിമുട്ടുണ്ടെന്നാണ് സൂചന. മാനേജറുടെ വിശദീകരണം കേള്‍ക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ല. ആളെ കണ്ടുകിട്ടാത്തെ എങ്ങിനെ വിശദീകരണം തേടും എന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ പ്രസന്നകുമാരി ചോദിച്ചത്. സ്ഥലം മാനേജറുടെ സ്വന്തമായതിനാല്‍ നാട്ടുകാര്‍ക്ക് അവിടെ കെട്ടിടം പണിയാന്‍ സാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
കുട്ടികളുടെ കുറവ് കാരണം സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അടച്ചുപൂട്ടാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് മാനേജര്‍ വിദ്യാഭ്യാസവകുപ്പിനെ സമീപിച്ചിരുന്നു. ദേശീയപാതയില്‍ 35 സെന്റ് സ്ഥലത്താണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മാനേജ്‌മെന്റിന്റെ ആവശ്യം വിദ്യാഭ്യാസവകുപ്പ് പരിഗണിച്ചിരുന്നുവെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒന്നര നൂറ്റാണ്ടോളം ചരിത്രമുള്ള വിദ്യാലയം ഇല്ലാതാക്കുന്നതിനെതിരെ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. പല കോണുകളില്‍ നിന്ന് സഹായം ലഭിക്കുകയാണെങ്കില്‍ സ്‌കൂള്‍കെട്ടിടം താമസം കൂടാതെ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലാപ്പറമ്പ് എ യു പി സ്‌കൂളില്‍ 56 കുട്ടികളാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ പഠിക്കാനുണ്ടായിരുന്നത്. എട്ട് അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരനും ഉണ്ടായിരുന്നു. സ്‌കൂളിലെ ഓഫീസ്, ആറ് ക്ലാസ്മുറികള്‍, കംപ്യൂട്ടര്‍ലാബ് എന്നിവ അടങ്ങിയ കെട്ടിടമാണ് കഴിഞ്ഞ ദിവസം ഇരുട്ടിന്റെ മറവില്‍ പൊളിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ബുത്തായി പ്രവര്‍ത്തിച്ച സ്‌കൂളാണ് മണിക്കൂറുകള്‍ക്കകം പൊളിച്ചുനീക്കിയത്. സ്‌കൂളിലെ ബെഞ്ചുകളും ഡസ്‌ക്കുകളുമുള്‍പ്പെടെ എല്ലാ സാമഗ്രികളും എടുത്തി മാറ്റിയിരുന്നു. സ്‌കൂളില്‍ നിന്ന് നിരവധി രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *