മഹീന്ദ്ര മെറ്റല്‍ ബോഡിയോടു കൂടിയ ട്രിയോ പ്ലസ് പുറത്തിറക്കി

കൊച്ചി: ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീവീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍), മെറ്റല്‍ ബോഡിയോട് കൂടിയ ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസില്‍ മെറ്റല്‍ ബോഡി കൂടി ഉള്‍പ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു. ആകര്‍ഷകമായ 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്‍റിന്‍റെ എക്സ്ഷോറൂം വില.

നിലവില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് ഓട്ടോയാണ് ട്രിയോ പ്ലസ്. 2018ലാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീവീലര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ട്രിയോ പ്ലസ് അവതരിപ്പിച്ചത്. ഇതിനകം 50000ലധികം ട്രിയോ പ്ലസ് ഓട്ടോകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. എല്‍5എം ഇവി വിഭാഗത്തില്‍ ഏകദേശം 52% വിപണി വിഹിതം കയ്യാളുന്നതും ട്രിയോ പ്ലസാണ്. ഇത്രയും ഓട്ടോകള്‍ 1.10 ബില്യണ്‍ കിലോമീറ്റര്‍ സഞ്ചരിച്ചതിലൂടെ 18,500 മെട്രിക് ടണ്‍ സിഒ2 പുറന്തള്ളുന്നത് ഒഴിവാക്കുകയും ചെയ്തു.

പ്രകടനത്തിന്‍റെ കാര്യത്തിലും മുന്നിലാണ് ട്രിയോ പ്ലസ്. 10.24 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് കരുത്ത്. 42 എന്‍എം ടോര്‍ക്കോടുകൂടിയ 8 കിലോവാട്ട് പവര്‍ ഇത് നല്‍കും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം. മെറ്റല്‍ ബോഡി വേരിയന്‍റ് ട്രിയോ പ്ലസിന് 5 വര്‍ഷം/1,20,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്‍റി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ട്രിയോ മെറ്റല്‍ ബോഡി വേരിയന്‍റ് വാങ്ങുന്ന ഡ്രൈവര്‍മാര്‍ക്ക് ആദ്യ വര്‍ഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു. ലോണ്‍ കാലാവധി 60 മാസമായി വര്‍ധിപ്പിച്ചതിനൊപ്പം, 90% വരെ ഫിനാന്‍സും കുറഞ്ഞ ഡൗണ്‍ പേയ്മെന്‍റ് സ്കീമുകളും ഇതോടൊപ്പം മഹീന്ദ്രയും ഫിനാന്‍സ് പങ്കാളികളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

ഞങ്ങളുടെ ഉപഭോക്താക്കളുടെ സംതൃപ്തിയാണ് മഹീന്ദ്രയില്‍ ഞങ്ങളുടെ മുന്‍ഗണനയെന്ന് മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമന്‍ മിശ്ര പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ചോയ്സുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *