നാല് വർഷത്തിനു ശേഷം മഅദനി വീണ്ടും കേരളത്തിലേക്ക്; യാത്രാനുമതി 12 ദിവത്തേക്ക്


പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകിയിരിക്കുന്നത്. ഇന്നു മുതൽ 12 ദിവസത്തേക്കാണ് യാത്രാനുമതി .ബംഗ്ലൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് മഅദനി പുറപ്പെടുക. വൈകീട്ട് നെടുമ്പാശേരിയിലെത്തുന്ന മഅദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്കാണ് പോകുക.


സുപ്രീംകോടതി നേരത്തെ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും അന്ന് ബി.ജെ.പി സര്‍ക്കാര്‍ കടുത്ത വ്യവസ്ഥകള്‍ വെച്ചതോടെ യാത്ര വേണ്ടെന്ന് വെക്കുകയായിരുന്നു. കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി മഅദനി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് കർണാടക പൊലീസ് കത്ത് നൽകി. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു.അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കർണാടക പൊലീസ് വ്യക്തമാക്കിയത്.


എന്നാൽ ഇത്രയും തുക നൽകാൻ നിലവിൽ നിർവാഹമില്ലെന്ന് മഅദനിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതോടെ മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയെന്നാണ് വിവരം. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് വീണ്ടും യാത്രക്ക് അനുമതിലഭിച്ചതെന്നും, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ ഇടപെടലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിക്കാനിടയാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.



Sharing is Caring