പുതിയതായി വരുന്ന നന്ദിനി ഔട്ട്‌ലെറ്റുകള്‍ക്കെതിരെ വയനാട്ടില്‍ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍


പുതിയതായി വരുന്ന നന്ദിനി ഔട്ട്‌ലെറ്റുകള്‍ക്കെതിരെ വയനാട്ടില്‍ പ്രതിഷേധവുമായി ക്ഷീരകര്‍ഷകര്‍. നിലവിലെ പാല്‍ സംഭരണ, വിതരണ സംവിധാനത്തെ നന്ദിനിയുടെ വരവ് ബാധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. വയനാട്ടില്‍ നന്ദിനിയ്ക്ക് കുറഞ്ഞ വിലയ്ക്ക് പാല്‍ വില്‍ക്കാന്‍ സാധിക്കും. എന്നാല്‍ നന്ദിനി പാല്‍ വില കൂട്ടുന്നത് കേരളത്തിലേക്കുള്ള ചരക്ക് ചെലവേറിയത് കൊണ്ടാണെന്നും കര്‍ഷകര്‍ പറഞ്ഞു.അതേസമയം പശുക്കളുമായി റോഡിലിറങ്ങിയാണ് കര്‍ഷകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നാട്ടിലെ ക്ഷീര സഹകരണസംഘങ്ങള്‍ വളര്‍ന്നത് മില്‍മയ്ക്ക് പാല്‍ കൊടുത്തും ആനുകൂല്യം നേടിയുമാണ്.


അവിടെക്ക് നന്ദിനിയുടെ പാലും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളും വരുന്നതില്‍ ആശങ്കയുണ്ട്. മില്‍മയുടെ വിപണിക്ക് ഇളക്കമുണ്ടായാല്‍ അത് സഹിക്കേണ്ടി വരുന്നത് ക്ഷീരകര്‍ഷകരാണെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് കേരളത്തില്‍ പാല്‍ വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ മില്‍മ രംഗത്തെത്തിയിരുന്നു.


കര്‍ണാടകയിലും തമിഴ്‌നാട്ടിലും പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാല്‍ ഔട്ട്‌ലെറ്റുകള്‍ വഴി പാല്‍ വില്‍ക്കില്ലെന്നും പാല്‍ ഉല്‍പ്പന്നങ്ങളാണ് വില്‍ക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.



Sharing is Caring