തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് ചെലവിടുന്ന തുക രേഖപ്പെടുത്തുന്ന അക്കൗണ്ടുകളുടെ വിശദാംശങ്ങളും ബന്ധപ്പെട്ട രജിസ്റ്ററുകളും ഏപ്രില്‍ 1, 4, 7 തീയതികളില്‍ പരിശോധിക്കും. സ്ഥാനാര്‍ഥികളോ അവരുടെ പ്രതിനിധികളോ പങ്കെടുക്കുന്ന ഈ പരിശോധനാ വേളയില്‍ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥരും സന്നിഹിതരായിരിക്കും. കണക്കു പരിശോധനയ്ക്കു മുന്നോടിയായി സ്ഥാനാര്‍ത്ഥികളും ഉദേ്യാഗസ്ഥരും ഈ കാര്യത്തില്‍ പാലിക്കേണ്ട ചുമതലകളും സമീപനവും സംബന്ധിച്ച് അതത് മണ്ഡലപരിധിയിലുളള സ്ഥാനാര്‍ത്ഥികളും പ്രതിനിധികളും ഉദേ്യാഗസ്ഥരുമായി കഴിഞ്ഞ ദിവസം ആശയ വിനിമയം നടത്തിയിരുന്നു. ഇലക്ഷന്‍ കമ്മിഷന്റെ മാര്‍ഗരേഖയനുസരിച്ചുള്ള അക്കൗണ്ടിംഗ് രജിസ്റ്ററുകള്‍ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ ചെലവഴിക്കുന്ന തുക കൃത്യമായി രേഖപ്പെടുത്തണം. പ്രചാരണ ചെലവ് പരമാവധി തുകയായ 70 ലക്ഷം കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളുടെ സന്ദര്‍ശന വേളയില്‍ സ്ഥാനാര്‍ഥികളുടെ പേരെടുത്തു പറഞ്ഞ് പ്രചാരണം നടത്തിയാല്‍ അത് ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവില്‍ ഉള്‍ക്കൊള്ളിക്കും. അല്ലാത്തപക്ഷം ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ ചെലവായി കണക്കാക്കും.
വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമുള്ള പരസ്യങ്ങളും മറ്റും പ്രചാരണ ചെലവില്‍ ഉള്‍ക്കൊള്ളും. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വിഡിയോ റെക്കോഡിംഗ് സംവിധാനം ഉള്‍പ്പെടുത്തി രൂപീകരിച്ച സ്‌ക്വാഡുകള്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന നടത്തി പ്രചാരണ രീതികളും അതിന് വേണ്ടി വരുന്ന ചെലവും വിലയിരുത്തുന്നുണ്ട്്. അക്കൗണ്ടുകളിലെ രേഖയുമായി ഇത് താരതമ്യം ചെയ്യും. നിയമവിധേയമായി പണം കൈവശം വയ്ക്കുന്നതിനും പ്രചാരണത്തിന് ചെലവഴിക്കുന്നതിനും തടസമില്ല. എന്നാല്‍ നിബന്ധനകള്‍ പാലിക്കാതെ പണം കൈവശം വയ്ക്കുന്നതും പ്രചാരണത്തിന് ചെലവഴിക്കുന്നതും വിവിധ കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ പ്രകാരം കുറ്റകരമായിരിക്കും. ഇലക്ഷന്‍ കമ്മിഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു പുറമെ ജനപ്രാതിനിധ്യ നിയമം, ആദായനികുതി നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം തുടങ്ങിയവയിലെ വകുപ്പുകള്‍ പ്രകാരവും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ആവശ്യമായ സാഹചര്യങ്ങളില്‍ നടപടിയുണ്ടാകും. സ്ഥാനാര്‍ത്ഥികള്‍ യോഗങ്ങളും സമ്മേളനങ്ങളും നടത്തുമ്പോള്‍ അനുമതി പത്രം വാങ്ങുന്നതുമായി ബന്ധപ്പെട്ട ഫോറം നമ്പര്‍ 16 ല്‍ സമ്മേളന സ്ഥലം ഉള്‍പ്പെടെ മൊത്തം വിവരങ്ങളും നിര്‍ബന്ധമായും രേഖപ്പെടുത്തണം.
FLASHNEWS