കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ സമീപം ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. മറിഞ്ഞ ടാങ്കറിന് അടിയില്‍പ്പെട്ട് ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ കുണ്ടൂപറമ്പ് സ്വദേശി രവിയാണ് മരിച്ചത്. രവിയുടെ ഓട്ടോ ടാങ്കറിനടിയില്‍പ്പെട്ട് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ മരിച്ച രവിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിനും പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിനും സമീപമാണ് അപകടം.
ടാങ്കറില്‍ നിന്നു വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് ആശങ്ക പടര്‍ന്നു. തുടര്‍ന്ന് ചോര്‍ച്ച തടയാന്‍ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്‌സും ഐ ഒ സി അധികൃതരും തീവ്രശ്രമം നടത്തി. വാതകത്തിന്റെ രൂക്ഷ ഗന്ധം പരിസരത്ത് വ്യാപിച്ചിരുന്നു. വാഹനം ചോര്‍ന്ന ഭാഗം മണ്ണിലേക്ക് അമര്‍ന്നിരുന്നതിനാല്‍ വന്‍തോതിലുള്ള ചോര്‍ച്ച ഒഴിവായി. ടാങ്കര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ടാങ്കറിലെ ഡ്രൈവറും ക്ലീനറും അപകടമുണ്ടായ ഉടന്‍ ഓടിരക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് മംഗലാപുരത്തേക്കു പോകുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.
സംഭവ സ്ഥലത്ത് ചേളാരി ഐ ഒ സിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്ന് അറിയിച്ചു. അപകടം നടന്നതിന്റെ പരിസരത്ത് 500 മീറ്റര്‍ പരിധിയില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. മംഗലാപുരത്തു നിന്നും കൂടുതല്‍ സംവിധാനങ്ങള്‍ കോഴിക്കോട്ടെത്തി. മണിക്കൂറുകളോളം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ശേഷമാണ് ആശങ്ക ഒഴിഞ്ഞത്. കോഴിക്കോടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എം കെ രാഘവന്‍ എം പിയും ഉദ്യോഗസ്ഥരുമായ് ബന്ധപ്പെട്ട് ദുരന്തം ഉണ്ടാകാതിരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി.
സംഭവസ്ഥലത്തു നിന്ന് 500 മീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കുമെന്ന് അപകടം നടന്ന ഉടനെ കലക്ടര്‍ അറിയിച്ചിരുന്നു. അപകടം തടയാന്‍ ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഔദ്യോഗിക മുന്നറിയിപ്പുകളും നഗരത്തിലുണ്ടായി. ഇലക്‌ട്രോണിക് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയി. ടാങ്കറിലേക്ക് വെള്ളം ചീറ്റിച്ച് ചോര്‍ച്ചയുടെ വ്യാപ്തി കുറയ്ക്കുന്നതിന് ഫയര്‍ഫോഴ്‌സ് ശ്രമിച്ചു. വാഹന ഗതാഗതം നിരോധിച്ചെങ്കിലും അപകടം കാണാന്‍ ജനങ്ങള്‍ എത്തിയത് പൊലീസിന് തലവേദനയായി.
FLASHNEWS