ലോക്‌സഭാ തെരഞ്ഞെടുപ്പ്;മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ, പൊന്നാനിയില്‍ അബ്ദുസമദ് സമദാനി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മത്സരിക്കും. മലപ്പുറത്ത് സമദാനിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും സിറ്റിങ് എംപിമാരാണ്. ഇത്തവണ ഇരുവരും മണ്ഡലം വെച്ചുമാറുകയാണ് ഉണ്ടായത്.തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിറ്റിങ് എംപി നവാസ് കനി തന്നെയാണ് ഇത്തവണയും മത്സരിക്കുക.പൊന്നാനിയില്‍ ഹാട്രിക് വിജയം നേടിയ ശേഷം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ കന്നിയങ്കത്തിന് ഇറങ്ങുകയാണ് ഇ.ടി.മുഹമ്മദ് ബഷീര്‍.

നാല് തവണ നിയമസഭാ അംഗമായിരുന്നു. മലപ്പുറം വാഴക്കാട് സ്വദേശിയായ ഇ.ടി.മുഹമ്മദ് ബഷീര്‍ 2009 മുതല്‍ ലോക്‌സഭയില്‍ പൊന്നാനിയെ പ്രതിനിധീകരിക്കുന്നുണ്ട്.അബ്ദുസമദ് സമദാനി മലപ്പുറത്തെ സിറ്റിങ് എംപിയാണ്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ സമദാനി പൊന്നാനിയില്‍ കന്നിയങ്കത്തിനാണിറങ്ങുന്നത്. പതിനേഴാം ലോക്‌സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടര്‍ന്ന് 2021-ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സമദാനി എംപിയായത്.2011 മുതല്‍ 2016 വരെ നിയമസഭയിലും 1994 മുതല്‍ 2006 വരെ രാജ്യസഭയിലും അംഗമായിരുന്നു സമദാനി.തമിഴ്‌നാട്ടില്‍ മുസ്‌ലിം ലീഗിന്റെ ഏക ലോക്‌സഭാ അംഗമാണ്. രാമനാഥപുരത്തെ സിറ്റിങ് എംപി നവാസ് കനി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *