തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിതവും പ്രഖ്യാപിതവുമായ ലോഡ്‌ഷെഡിങ് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ വൈദ്യുത മന്ത്രി എ.കെ.ബാലന്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രവിഹിതത്തിലെ കുറവാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് മറുപടി നല്‍കിയതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അപ്രഖ്യാപിത ലോഡ്‌ഷെഡിങ് കേരളത്തെ ഇരുട്ടിലേയ്ക്ക് നയിക്കുന്നുവെന്ന് അടിയന്തര പ്രമേയത്തിന് എ.കെ.ബാലന്‍ പറഞ്ഞു. കെ.എസ്.ഇ.ബിയാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണക്കാരെന്നും ആസൂത്രണ പാളിച്ചകളാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചതെന്നും ബാലന്‍ കുറ്റപ്പെടുത്തി. രൂക്ഷമായ വൈദ്യുത പ്രതിസന്ധി ഉണ്ടായിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോഡ്‌ഷെഡിങ് ഉണ്ടായിരുന്നില്ലെന്നും അന്ന് തുടങ്ങിവെച്ച പല വൈദ്യുത പദ്ധതികളും ഇന്ന് പാതിവഴിയിലാണെന്നും ബാലന്‍ ആരോപിച്ചു.
തുടര്‍ന്ന് മറുപടി പറഞ്ഞ വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്രവിഹിതം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്ന് സഭയെ അറിയിച്ചു. സംസ്ഥാനത്തിന് 3,800 മെഗാവാട്ട് വൈദ്യുതിയാണ് ദിനംപ്രതി ആവശ്യം. നിലവില്‍ ഇത്രയും വൈദ്യുതി ലഭിക്കുന്നില്ല. മഴ പ്രതീക്ഷിച്ച പോലെ ലഭിക്കാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ലോഡ് ഷെഡ്ഡിംഗ് ഉണ്ടായിരുന്നെന്നും ആര്യാടന്‍ പറഞ്ഞു.