ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിക്കുന്നു


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിക്കുന്നു. പുതുവര്‍ഷത്തില്‍ മൂന്ന് പോയിന്റിന്റെ വ്യക്തമായ ആധിപത്യവുമായി അവര്‍ ഒന്നാം സ്ഥാനത്ത്.സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ ന്യൂകാസില്‍ യുനൈറ്റഡിനെ തകര്‍ത്തു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം.


ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല ലിവര്‍പൂളിനായി ഇരട്ട ഗോളുകള്‍ വലയിലാക്കി. കുര്‍ടിസ് ജോണ്‍സ്, കോഡി ഗാക്‌പോ എന്നിവരും ഗോളുകള്‍ നേടി. ന്യൂകാസിലിനായി അലക്‌സാണ്ടര്‍ ഇസാക്, സ്വെന്‍ ബോട്മന്‍ എന്നിവര്‍ വല ചലിപ്പിച്ചു. മത്സരത്തില്‍ പിറന്ന ആറ് ഗോളുകളും രണ്ടാം പകുതിയിലാണ് വന്നത്.


കളിയുടെ 49ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നു സല അനായാസം വല ചലിപ്പിച്ച്‌ ലിവര്‍പൂളിനു ലീഡ് സമ്മാനിച്ചു. പിന്നാലെ ന്യൂകാസിലിന്റെ മറുപടി 54ാം മിനിറ്റില്‍ ഇസാകിലൂടെ. എന്നാല്‍ 74, 78 മിനിറ്റുകളില്‍ കുര്‍ടിസ് ജോണ്‍സ്, കോഡി ഗാക്‌പോ എന്നിവര്‍ തുടരെ ഗോളുകള്‍ നേടി ലിവര്‍പൂളിനു വ്യക്തമായ ലീഡ് നല്‍കി. 81ാം മിനിറ്റില്‍ ബോട്മന്റെ ഗോളിലൂടെ ന്യൂകാസില്‍ ലീഡ് കുറച്ചു. 86ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി സല കൃത്യമായി വലയിലാക്കി ലിവര്‍പൂളിന്റെ ജയം ഉറപ്പാക്കി.



Sharing is Caring