ലിജോ നിങ്ങള്‍ യഥാര്‍ത്ഥ കലാകാരനാണ്: ഹരീഷ് പേരടി

ചുരുളി സിനിമയുമായ ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ ലിജോ ജോസ് പെല്ലിശേരിയെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി. ചുരുളിയില്‍ എത്തിപ്പെട്ട എല്ലാ മനുഷ്യരും ഫെയ്ക്ക് ഐഡികളില്‍ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈംഗിക അവയവങ്ങളുടെ പേരും ചേര്‍ത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്ന് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ചുരുളി ഒരു സ്വപ്ന ലോകമല്ല നമ്മള്‍ ജീവിക്കുന്ന യഥാര്‍ത്ഥ ജീവിതമാണ്… നിയമം നടപ്പിലാക്കേണ്ടവര്‍ പോലും ഒരു ഫാസിസ്റ്റ് ലോകത്തോട്, അവരുടെ ആ ക്രിമിനല്‍ ലോകത്തോട് എങ്ങിനെയാണ് പൊരുത്തപെടേണ്ടി വരുന്നത് എന്ന് കൃത്യമായി പറയുന്ന കലാസൃഷ്ടിയാണ്…

ജനാധിപത്യം ഇല്ലാതായ ഒരു ലോകത്ത് നിന്നും നിങ്ങള്‍ക്ക് ഒരിക്കലും സ്വാതന്ത്ര്യത്തിലേക്കുള്ള വഴികള്‍ കണ്ടുപിടിക്കാന്‍ എളുപ്പമല്ല എന്ന് ഉറക്കെ പറയുന്ന സിനിമയാണ്… ചുരുളിയില്‍ എത്തിപ്പെട്ട എല്ലാ മനുഷ്യരും ഫെയ്ക്ക് ഐഡികളില്‍ ജീവിക്കുന്നവരാണ് അതുകൊണ്ടാണ് ലൈംഗിക അവയവങ്ങളുടെ പേരും ചേര്‍ത്ത് തന്തക്കും തള്ളക്കും വിളിച്ച് മറ്റു മനുഷ്യരെ അപമാനിക്കാന്‍ ശ്രമിക്കുന്നത്…

നമ്മുടെ സാമൂഹ്യ മാധ്യമങ്ങളില്‍ അവനവന് ഇഷ്ടപെടാത്ത അഭിപ്രായങ്ങള്‍ പറയുന്ന മനുഷ്യരെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന അതേ ഭാഷ… നിരന്തരമായ ഉപയോഗം മൂലം അവര്‍ പോലും അറിയാതെ അത് അവരുടെ ഭാഷയായി മാറുന്ന മാജിക്ക്…

പോലിസിന് സ്വന്തം വേഷത്തിലും സ്വന്തം പേരിലും കടന്നു വരാന്‍ പറ്റാത്ത ഒരു ലോകത്തേക്ക് മതത്തിന് സ്വന്തം വേഷത്തിലും ഒരു തടസങ്ങളും ഇല്ലാതെ എളുപ്പത്തില്‍ കടന്നുവരാന്‍ പറ്റും എന്ന ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമ… ഒരു ഫാസിസ്റ്റ് ലോകത്ത് ആയുധങ്ങള്‍ നഷ്ടപ്പെട്ട, വ്യക്തിത്വം നഷ്ടപ്പെട്ട ആരാലും തിരിച്ചറിയപ്പെടാത്ത മനുഷ്യരായി കഥാപാത്രങ്ങള്‍ മാറുമ്പോള്‍ അത് ക്ലൈമാക്‌സല്ല…

അത് അതിഭീകരമായ ഒരു തുടര്‍ച്ചയെ ഓര്‍മ്മപെടുത്തുകയാണ്… ഫാസിറ്റ് പാലം കടക്കുന്നത് വരെ നാരായണ.. അത് കഴിഞ്ഞാല്‍ കൂരായണ എന്ന് പറയാതെ പറഞ്ഞ ദൃശ്യം ലോക സിനിമയില്‍ തന്നെ അപൂര്‍വ്വം..ഈ പോസ്റ്റിന്റെ അഭിപ്രായപെട്ടിയില്‍ പോലും ചുരളി നിവാസികള്‍ കടന്നു വരും ജാഗ്രതൈ…ലിജോ നിങ്ങള്‍ യഥാര്‍ത്ഥ കലാകാരനാണ്… ആശംസകള്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *