കൊച്ചി:ലൈഫ് മിഷൻ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. അദ്ദേഹം നിയമസഭയിലെ ഓഫീസിൽ ഹാജരായതായാണ് വിവരം.
രാവിലെ 10.30 ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി അദ്ദേഹത്തോട് നിർദേശിച്ചിരുന്നത്. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സിഎം രവീന്ദ്രന്റെ അറിവോടെയാണെന്ന സ്വപ്‌ന സുരേഷിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

3.38 കോടിയുടെ കോഴ ഇടപാട് കരാറിൽ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴിനൽകിയിട്ടുണ്ട്.
കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു.ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.













