വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ താളം വീണ്ടെടുക്കാനാകാതെ ഉഴലുന്ന വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. ലീഡ്സില്‍ പ്രയാസപ്പെട്ടപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രയോഗിച്ച തന്ത്രം കോഹ്‌ലിയും പിന്തുടരണമെന്നും സച്ചിനോട് വിളിച്ച് ഉപദേശം തേടണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

‘ഓഫ് സൈഡിനു പുറത്തേക്കു പോവുന്ന ബോളുകളില്‍ പുറത്താവുന്ന പതിവ് അവസാനിപ്പിക്കുന്നത് എങ്ങനെയെന്ന് കോഹ്‌ലി സച്ചിനെ വിളിച്ച് ഉപദേശം തേടണം. സച്ചിന്‍ ടെണ്ടുല്‍ക്കറെ വിരാട് ഫോണില്‍ വിളിക്കുകയാണെങ്കില്‍ അത് മനോഹരമായ കാര്യമായിരിക്കും. സച്ചിനു പുതുവല്‍സരാശംസകള്‍ നേരുന്നതിനൊപ്പം ബാറ്റിംഗില്‍ താന്‍ നേരിടുന്ന വെല്ലുവിളിയെക്കുറിച്ചും കോഹ്‌ലിക്കു സംസാരിക്കാം.’

‘2003-04ല്‍ ഓസ്ട്രേലിയക്കെതിരേ സച്ചിന്‍ എങ്ങനെയായിരുന്നു ഓഫ്സൈഡ് വീക്ക്നെസ് അതിജീവിച്ചതെന്നും ചോദിച്ചു മനസ്സിലാക്കണം. ആ സമയത്ത് സച്ചിന്‍ കവേഴ്സിലോ വിക്കറ്റിനു പിന്നിലോ ഇതേ ബോളുകള്‍ കളിച്ച് തുടര്‍ച്ചയായി പുറത്തായിരുന്നു. പക്ഷെ ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ കവേഴ്സിലേക്ക് ഷോട്ട് കളിക്കില്ലെന്നു സച്ചിന്‍ തീരുമാനിച്ചു.’

‘മിഡ് ഓണിലൂടെയോ, സ്ട്രെയ്റ്റോ, ഓണ്‍ സൈഡിലൂടെയോ മാത്രമേ ഷോട്ട് കളിക്കൂയെന്ന ദൃഢനിശ്ചയത്തോടെ സച്ചിന്‍ അന്നു കളിച്ചു. ഇതു വിജയിക്കുകയും ആദ്യ ഇന്നിങ്സില്‍ പുറത്താവാതെ 241 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. രണ്ടാമിന്നിങ്സില്‍ പുറത്താവാതെ 60 റണ്‍സോ മറ്റോ നേടിയെന്നാണ് ഓര്‍മ’ ഗവാസ്‌കര്‍ പറഞ്ഞു.

ഓഫ് സ്റ്റമ്പിനു പുറത്തേക്കു നീങ്ങുന്ന പന്തില്‍ കവര്‍ ഡ്രൈവിനു ശ്രമിച്ച് ഇന്‍സൈഡ് എഡ്ജില്‍ കുരുങ്ങിയായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്‌സിലും കോഹ്‌ലിയുടെ പുറത്താകല്‍. ഓഫ് സ്റ്റമ്പി നു പുറത്തേക്കു പാഞ്ഞ പേസ് ബോളുകള്‍ തന്നെയാണ് ഈ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലിയെ കൂടുതല്‍ തവണ പുറത്താക്കിയതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *