കോൺ​ഗ്രസിൽ നേതാക്കളുടെ രാജി തുടരുന്നു;സോളമൻ അലക്സ് സിപിഎമ്മിലേക്ക്

കോൺ​ഗ്രസിൽ നേതാക്കളുടെ രാജി തുടരുന്നു. സംസ്ഥാന കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡ‍ന്റും കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും മുൻ സെക്രട്ടറിയുമായ സോളമൻ അലക്സ് പാർട്ടി വിട്ട് സി.പി.ഐ.എമ്മിൽ ചേരുമെന്ന് സൂചന.

യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാൻ സ്ഥാനവും സോളമൻ അലക്‌സ് വഹിക്കുന്നു. അതേസമയം സോളമൻ അലക്സിനെ തള്ളി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്തെത്തി. നാലു പേർ പാർട്ടി വിട്ടപ്പോൾ നാനൂറു പേർ പാർട്ടിയിൽ ചേർന്നുവെന്നും സുധാകരൻ പ്രതികരിച്ചു.

നേരത്തെ നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി.എസ് പ്രശാന്തും കെ.പി.സി.സി ജനറൽ സെക്രട്ടറി ആയിരുന്ന കെ.പി അനിൽകുമാറും നേരത്തെ പാർട്ടി വിട്ട് സി.പി.ഐ.എമ്മിൽ ചേർന്നിരുന്നു. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി അനിൽകുമാറിനേയും ശിവദാസൻ നായരേയും കോൺഗ്രസ് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് അനിൽ കുമാർ പാർട്ടിവിട്ടത്.

പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നുമായിരുന്നു എന്നാണ് അനിൽകുമാർ ആരോപിച്ചത്. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താൻ. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നൽകിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.

മുപ്പത് വർഷത്തെ കോൺ​ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്നും തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയപ്പോൾ ഒരു കോൺ​ഗ്രസ് നേതാവും ഇടപെട്ടില്ലെന്നുമാണ് പ്രശാന്ത് പറഞ്ഞത്.കെ സി വേണു​ഗോപാലിനെതിരേയും തിരുവനന്തപുരം ഡി സി സി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ​ഗുരുതര ആരോപണങ്ങൾ ആണ് പി എസ് പ്രശാന്ത് ഉയർത്തിയത്. കെ സി വേണു​ഗോപാലാണ് കേരളത്തിൽ കോൺ​ഗ്രസ് സംഘടന തകർച്ചയുടെ മൂല കാരണം. കെ സി വേണു​ഗോപാലുമായി അടുത്ത് നിൽക്കുന്നവരാണ് ഡി സി സി തലപ്പത്തേക്ക് വന്നതെന്നും പ്രശാന്ത് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *