പുതുപ്പള്ളി മണ്ഡലത്തിൽ മാറ്റത്തിന്റെ ജനവിധിയുണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ മാറ്റത്തിന്റെ ജനവിധിയുണ്ടാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. മണര്‍കാട് ഗവ. എല്‍ പി സ്‌കൂളിലെ 72-ാം ബൂത്തിലെത്തി രാവിലെ തന്നെ ജെയ്ക് വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം ജെയ്ക്ക് മറ്റ് ബൂത്തുകളും സന്ദർശിച്ചു.ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ വികസനം തന്നെയാണ് ചര്‍ച്ചയായതെന്ന് ജെയ്ക് സി തോമസ് പറഞ്ഞു.


പുതിയ പുതുപ്പള്ളിക്കായാണ് വിധിയെഴുത്ത്.പുതിയ പുതുപ്പള്ളി എന്ന ആശയമാണ് താന്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ജെയ്ക് സി തോമസ് പറയുന്നു. ഈ ആശയത്തിന് ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ജെയ്ക് പറഞ്ഞു.25 ദിവസത്തെ പൊടിപാറുന്ന പ്രചരണങ്ങള്‍ക്കും പിന്നീടുള്ള നിശബ്ദ പ്രചരണങ്ങള്‍ക്കും ശേഷമാണ് പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. 176417 വോട്ടര്‍മാരാണ് പുതുപ്പള്ളിയിലുള്ളത്.


രാവിലെ 7 മണിയോടെ പോളിംങ് ആരംഭിച്ചു. വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ് നടക്കുക.മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും വി വി പാറ്റുകളും വെബ്കാസ്റ്റിംഗും സജ്ജമാക്കിയിട്ടുണ്ട്.



Sharing is Caring