ഉരുള്‍പൊട്ടല്‍ ദുരന്തം; താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ദുരിതബാധിതർക്കായുള്ള താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം.ഇതിനായി കെട്ടിടങ്ങള്‍ കണ്ടെത്താൻ നടപടി തുടങ്ങിയതായി മന്ത്രി കെ രാജൻ അറിയിച്ചു. ഒഴിഞ്ഞു കിടക്കുന്ന സർക്കാർ – സ്വകാര്യ കെട്ടിടങ്ങള്‍, വീടുകള്‍, റിസോർട്ടുകള്‍ എന്നിവ ഒരാഴ്ചയ്‌ക്കകം കണ്ടെത്താനാണ് സർക്കാരിന്റെ തീരുമാനം.


സ്കൂളുകളിലെ ക്യാമ്ബില്‍ കഴിയുന്നവരെ കൂടുതല്‍ മികച്ച സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ ദുരിതബാധിതരുടെ താല്‍ക്കാലിക പുനരധിവാസം ഈ കെട്ടിടങ്ങളിലായിരിക്കും.കാണാതായവരുടെ വിവരശേഖരണം ഊർജ്ജിതമായി നടക്കുന്നുണ്ട്. റേഷൻ കാർഡിലെ അംഗങ്ങളുടെ വിവരങ്ങള്‍ നോക്കി പരിശോധന നടക്കുന്നുണ്ട്. ആശാവർക്കർമാർ, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സേവനവും ഉപയോഗപ്പെടുത്തും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ മന്ത്രി സന്ദർശനം നടത്തിയിരുന്നു.


മന്ത്രി എ കെ ശശീന്ദ്രനും ഒപ്പമുണ്ടായിരുന്നു.ദുരന്തമുണ്ടായ മേഖലയില്‍ വാസയോഗ്യമായ കെട്ടിടങ്ങള്‍ എത്ര എണ്ണം ബാക്കിയുണ്ടെന്ന് അറിയാൻ ദുരന്തനിവാരണ വകുപ്പ് ഇന്ന് മുതലാണ് പരിശോധന നടത്തുന്നത്. കെട്ടിടങ്ങള്‍ സന്ദർശിച്ച്‌ തറ, ഭിത്തി, മേല്‍ക്കൂര എന്നിവയുടെ ബലം പരിശോധിക്കും. എത്രമാത്രം കെട്ടിടാവശിഷ്ടങ്ങളുണ്ടെന്നും അവ നിലവിലെ കെട്ടിടത്തെ എങ്ങനെ ബാധിക്കുമെന്നും വിലയിരുത്തും. ഇവിടെ ആരോഗ്യപരമായി താമസിക്കാനാകുമോ എന്നും പരിശോധിക്കും.



Sharing is Caring