കുഴിബോംബ് ഭീതി; മാവോയിസ്റ്റ് സാന്നിധ്യ മേഖലയില്‍ പരിശോധന കര്‍ശനമാക്കി Read more at htt


വയനാട് മക്കിമലയില്‍ മാവോയിസ്റ്റുകള്‍ കുഴി ബോംബ് സ്ഥാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലെല്ലാം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പരിശോധന കര്‍ശനമാക്കി. ശക്തികേന്ദ്രങ്ങളില്‍ മാത്രം മാവോയിസ്റ്റുകള്‍ പയറ്റുന്ന ആക്രമണ രീതിയാണ് കുഴിബോംബ് സ്‌ഫോടനം. ഇത് കേരളത്തിലേക്ക് വ്യാപിപ്പിച്ചത് അത്യന്തം ഭീതി പരത്തിയിട്ടുണ്ട്.


മക്കിമലയില്‍ കണ്ടെത്തിയ പോലെ കുഴിബോംബുകള്‍ മറ്റെവിടെയെങ്കിലും സ്ഥാപിച്ചിട്ടുണ്ടോ എന്നാണ് സംശയിക്കുന്നത്. സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, തണ്ടര്‍ബോള്‍ട്ട്, കണ്ണൂര്‍ വയനാട് ബോംബ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം നേടിയ നായകളേയും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണു പരിശോധന.


മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വന മേഖലയിലെ ഗ്രാമങ്ങള്‍, പാടികള്‍, സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജൂണ്‍ 25ന് കുഴി ബോംബ് കണ്ടെത്തിയ കൊടക്കാടിന് പുറമെ, കമ്പമല, മേലേ തലപ്പുഴ എന്നിവിടങ്ങളിലും പരിശോധിക്കുന്നുണ്ട്. കുഴിബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസ് വൈകാതെ എന്‍ ഐ എ ഏറ്റെടുക്കും.

കബനി ദളത്തിലെ മാവോയിസ്റ്റുകള്‍ വലിയ ആക്രമണത്തിന് ഒരുങ്ങുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സൂചന കിട്ടിയിരുന്നു. അതിനിടെയാണ് കൊടക്കാട് കുഴിബോംബ് കണ്ടെത്തിയത്. തണ്ടര്‍ ബോള്‍ട്ടിനെ ആക്രമിക്കാന്‍ കുഴിബോംബ് ഒരുക്കിയതോടെ കേരളത്തിന്റെ വനമേഖലയില്‍ സേന തന്ത്രം മാറ്റുകയാണ്.



Sharing is Caring