പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജാഗ്രതക്കുറവുണ്ടായി; സർക്കാരിന് സി.പി.എം വിമർശനം

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം ഏരിയ സമ്മേളനത്തിൽ വിമർശം. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് പാർട്ടി അംഗങ്ങൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ വിമർശനമുയർന്നത്.

യു.എ.പി.എ നിയമം സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്താണെന്ന് സമ്മേളനത്തിൽ പ്രതിനിധികൾ ചോദിച്ചു. പൊലീസിന് വഴങ്ങി സർക്കാർ കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ല എന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. കേസിൽ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അലനും താഹയും സി.പി.എം പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്നതാണ് നിലപാടെന്നും സി.പി.എം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയേയും 2019 നവംബർ ഒന്നിനാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത് ഒരു മാസത്തിനുള്ളിൽ കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

കേസിൽ ജയിലിലായിരുന്ന ത്വാഹയ്ക്ക് കഴിഞ്ഞ മാസം 28ന് ആണ് സുപ്രീം കോടതി ജാമ്യം നൽകിയത്. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യവും സുപ്രീം കോടതി അന്ന് തള്ളി. കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഇല്ലെന്ന എൻ.ഐ.എ കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *