പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ്

ഡൽഹി: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കോൺഗ്രസ് അച്ചടക്ക സമിതി തീരുമാനം. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസിൽ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നൽകിയ പരാതിയിലാണ് നടപടി.

തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സമിതിി യോഗത്തിനു ശേഷം താരിഖ് അൻവർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു.കൊച്ചിയിൽ തോമസ് നടത്തിയ വാർത്താസമ്മേളനവും സെമിനാറിൽ പങ്കെടുത്തതും അച്ചടക്ക ലംഘനവും പ്രവർത്തകരുടെ വികാരത്തെ ഹനിക്കുന്നതുമായ നടപടിയാണെന്ന് എഐസിസിക്ക് അയച്ച കത്തിൽ കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തുന്നു. കെ വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ മുൻനിലപാട്.

എന്നാൽ കെ വി തോമസ് എഐസിസി അംഗമായതിനാൽ നടപടി ഹൈക്കമാൻഡ് സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നത് അടക്കമുള്ള കെപിസിസിയുടെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *