‘മാധ്യമ സ്വാതന്ത്ര്യം’ പ്രതിഷേധ സദസ്സ് നാളെ

കോഴിക്കോട്: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റി മാധ്യമ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയര്‍ത്തി നാളെ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. രാവിലെ പത്ത് മുതല്‍ കോഴിക്കോട് പ്രസ്‌ക്ലബ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ട്രേഡ് യൂണിയന്‍ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ സംബന്ധിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് ശേഷമായിരിക്കും പ്രതിഷേധ സദസ്സ്, അടുത്തിടെയാണ് മലയാള മനോരമ റിപ്പോര്‍ട്ടര്‍ ടി ഡി ദിലീപിന് നേരെ ലഹരി മരുന്ന് മാഫിയയുടെ അക്രമം ഉണ്ടായത്. ക്രൂരമായി മര്‍ദ്ദനമേറ്റ ദിലീപ് ഇപ്പോഴും ചികിത്സയിലാണ്. നഗരത്തില്‍ ലഹരി മരുന്ന് മാഫിയ ശക്തമാണെന്നതിന് തെളിവായി ഒരു വിദ്യാര്‍ത്ഥിയുടെ മരണം വരെയെത്തിയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മര്‍ദ്ദിക്കപ്പെട്ടിട്ടും പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് പരിപാടി നടത്തുന്നത്. ദിലീപിനെ മര്‍ദ്ദിച്ചവര്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടും കൂടുതല്‍ ശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ ചുമത്തി പ്രതികളെ മാതൃകാപരമായി നേരിടാന്‍ പൊലീസ് തയ്യാറായിട്ടില്ല. പൊലീസ്- ലഹരി മാഫിയ അവിഹിത ബന്ധം പോലും സംശയിക്കുന്നിടത്താണ് കാര്യങ്ങളുള്ളതെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍ രാജേഷ്, ജോയിന്റ് സെക്രട്ടറി കെ സി റിയാസ്, ട്രഷറര്‍ വിപുല്‍നാഥ് സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *