കുറുപ്പ്;വ്യാജപ്രചാരണങ്ങള്‍ ഉയരുന്നതില്‍ പ്രതികരിച്ച് തിയേറ്റര്‍ ഉടമ

ദുല്‍ഖര്‍ ചിത്രം കുറുപ്പ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിന്റെ പേരില്‍ വ്യാജപ്രചാരണങ്ങള്‍ ഉയരുന്നതില്‍ പ്രതികരിച്ച് തിയേറ്റര്‍ ഉടമ. തൃശൂര്‍ ഗിരിജാ തിയേറ്ററിന്റെ ഉടമ ഡോക്ടര്‍ ഗിരിജയാണ് തങ്ങളുടെ പേരില്‍ ചിലര്‍ സംഘടിതമായി വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു എന്ന പരാതിയുമായി എത്തിയത്.

‘കുറുപ്പ്’ മെഗാഹിറ്റിലേക്ക് നീങ്ങുകയാണ്, അതില്‍ അസൂയപ്പെടുന്നവരും തങ്ങളോട് വിരോധമുള്ളവരുമാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ദുല്‍ഖര്‍ സല്‍മാന്റെ ആരാധകരും പ്രേക്ഷകരും ഈ നുണകള്‍ വിശ്വസിക്കരുതെന്നും ഡോക്ടര്‍ ഗിരിജ അഭ്യര്‍ഥിക്കുന്നു.

‘ഒരു ബിഗ് ബജറ്റ് സിനിമ റിലീസ് ചെയ്യുമ്പോള്‍ രണ്ടാം വാരം മുതല്‍ അത് ഏതെല്ലാം തിയേറ്ററുകളില്‍ തുടര്‍ന്ന് കളിക്കണമെന്ന് മുന്‍കൂട്ടി ധാരണയുണ്ടാകും. അത് പ്രകാരമാണ് കമ്പനിയുമായി ഞങ്ങള്‍ തുടര്‍ന്നുള്ള സിനിമകള്‍ ചാര്‍ട്ട് ചെയ്യുന്നത്. ഇവിടെ ദുല്‍ഖര്‍ സല്‍മാനുമായോ വിതരണക്കമ്പനിയായ വേഫെറര്‍ ഫിലിംസുമായോ ഞങ്ങള്‍ക്ക് യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ല. തുടര്‍ന്നും ദുല്‍ഖറിന്റെ സിനിമകള്‍ ഞങ്ങള്‍ റിലീസ് ചെയ്യുന്നതാണ്.

അടുത്ത കാലത്ത് കോവിഡ് കാരണം തിയേറ്റര്‍ അടച്ചു എന്നൊരു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പ്രിയപ്പെട്ട ദുല്‍ഖറിന്റെ ചിത്രം ലഭിച്ചത് എത്രയോ അനുഗ്രഹമായി കരുതുമ്പോള്‍ ഞങ്ങളുടെ പേരില്‍ ഇല്ലാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. വളരെയധികം സങ്കടമുണ്ട്. ഇതാരും വിശ്വസിക്കരുത്.’-ഡോ.ഗിരിജ പറഞ്ഞു.

‘കുറുപ്പ്’ സിനിമ ശരാശരിയാണെന്നും, വിതരണക്കമ്പനിയുടെ നിസ്സഹകരണം മൂലം ‘കുറുപ്പ്’ നിര്‍ത്തുകയാണെന്നും പറഞ്ഞുള്ള ചില സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *