തലസ്ഥാനത്ത് ഇന്ന് കെ എസ് യുവും പ്രതിഷേധവുമായി എത്തുന്നു. നവ കേരള സദസ്സിനെയുള്ള കരിങ്കൊടി പ്രതിഷേധത്തിനിടെ പൊലീസും സി പി എം പ്രവര്‍ത്തകരും നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചാണ് കെ എസ് യു ഇന്ന് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.പൊലീസ് പിണറായിയുടെ അടിമക്കൂട്ടം എന്നാരോപിപ്പ് ഡി ജി പി ഓഫീസിലേക്കാണ് കെ എസ് യു പ്രതിഷേധം നടത്തുക.
അലോഷ്യസ് സേവ്യറുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

പ്രിയരേ ,
കേരളത്തിലെ പൊലീസ് പിണറായിയുടെ
അടിമക്കൂട്ടമാവുമ്ബോള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്.
നവകേരള സദസ്സിലേക്ക് ജനാധിപത്യപരമായി സമരം ചെയ്യുന്നവര്‍ക്ക് നേരെ കാക്കിയണിഞ്ഞ പിണറായി ഭക്തര്‍ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ കെ എസ് യു ജില്ല പ്രസിഡന്റുമാരായ എ ഡി തോമസിനും, ഗോപു നെയ്യാറിനും വലിയ പരിക്കുകളാണ് ഉണ്ടായത്. സംസ്ഥാന വ്യാപകമായി നിരവധി കെ എസ് യു യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കാണ് പരുക്കേറ്റത്. മന്ത്രി ബിന്ദുവിനെതിരെ സമരം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം നെസിയ മുണ്ടപ്പിള്ളിയുടെ തല അടിച്ചു പൊട്ടിച്ച പൊലീസിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തെരുവുകളില്‍ ചോര തളം കെട്ടി കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2023 ഡിസംബര്‍ 21 ന് ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തുകയാണ്. എല്ലാ സഹപ്രവര്‍ത്തകരും എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.












