കെഎസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു കൊല്ലത്ത് ഇന്ന് കെഎസ് യു വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. ആഷിക് ബൈജു, നെഫ്‌സല്‍ കളത്തിക്കാട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ വധശ്രമത്തിന് കേസ് എടുത്ത നടപടിക്കെതിരെ കുണ്ടറ പൊലീസ് സ്റ്റേഷന്‍ യൂത്ത് കോണ്‍ഗ്രസ്സ് കെഎസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.
ഉപരോധത്തില്‍ പങ്കെടുത്ത കെഎസ് യു നേതാക്കളെ ആണ് അറസ്റ്റ് ചെയ്തത്.യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന കേസിലാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടി ആയ ഫൈസല്‍ കുളപ്പാടത്തെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലാത്ത ഫൈസലിന്റെ പേര് പിന്നീട് ചേര്‍ത്തതാണെന്ന തെളിവ് യൂത്ത്‌കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തു. കൊല്ലത്ത് നവ കേരള സദസിനു നേരെ കരിങ്കൊടി കാണിച്ചത്തിന്റെ പ്രതികാരം സിപിഐഎം തീര്‍ക്കുക ആണെന്നാണ് യൂത്ത്‌കോണ്‍ഗ്രസ് ആരോപണം.
അക്രമം നടന്നു അരമണിക്കൂറിനുള്ളില്‍ പരിക്ക് ഏറ്റവര്‍ ആശുപത്രിയില്‍ എത്തി ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ വെട്ടി പരിക്കേല്‍പ്പിച്ചത് ഒരാള്‍ ആണെന്ന് പറഞ്ഞിരുന്നു. ഇത് റിപ്പോര്‍ട്ടിലും വ്യക്തമാണ്. പക്ഷേ ആറ് മണിക്കൂര്‍ കഴിഞ്ഞു കുണ്ടറ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ ഫൈസല്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു എന്നും കൂട്ടിചേര്‍ത്തു. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസും കെ എസ് യു പ്രവര്‍ത്തകരും കുണ്ടറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്.