കോവാക്‌സിന് അനുമതി;ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്ന്

ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്ന കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകും. ഇതിനായി ടെക്‌നിക്കൽ അഡ്വൈസറി യോഗം ഇന്ന് ചേരും.അഞ്ചാം തവണയാണ് വിദഗ്ധ സമിതി യോഗം ചേരുന്നത്.

കഴിഞ്ഞ മാസം 26 ന് ചേർന്ന യോഗത്തിൽ വാക്‌സിൻ പ്രതിരോധശേഷി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.വാക്‌സിന്റെ സാങ്കേതിക വിവരങ്ങൾ വിലയിരുത്തിയ ശേഷം മാത്രമേ അംഗീകാരം നൽകു എന്ന നിലപാടിലാണ് ലോകാരോഗ്യ സംഘടന.

കോവാക്‌സിന് കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ അംഗീകാരം നൽകിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ ക്വാറന്റീൻ ഉണ്ടാകില്ല. ഓസ്‌ട്രേലിയയിൽ ഉപരിപഠനം ചെയ്യുന്ന വിദ്യാർത്ഥികൾക്കും, ജോലിക്കാർക്കും ഈ നീക്കം ഗുണം ചെയ്യും.

ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിനൊപ്പം, ചൈനയുടെ സിനോഫാം നിർമിച്ച ബിബിഐബിപികോർവിക്കും ഓസ്‌ട്രേലിയ അംഗീകാരം നൽകി. ഈ വാക്‌സിൻ സ്വീകരിച്ചവർ ഓസ്‌ട്രേലിയിലെത്തി കൊവിഡ് പരത്തുന്നതിന് കാരണമാകുമെന്നോ, രാജ്യത്ത് എത്തിയതിന് ശേഷം കൊവിഡ് ബാധയേൽക്കുമെന്നോ കരുതുന്നില്ലെന്ന് തെറപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷൻ (ടിജിഎ) അഭിപ്രായപ്പെട്ടു.

നേരത്തെ ഓസ്‌ട്രേലിയയിൽ അനുമതി ലഭിച്ച വാക്‌സിനുകൾ, ഇന്ത്യയിൽ വികസിപ്പിച്ച കൊവിഷീൽഡ്, ചൈനയുടെ സിനോവാക് എന്നീ വാക്‌സിനുകൾക്കാണ് അംഗീകാരമുണ്ടായിരുന്നത്. വാക്‌സിൻ എടുക്കാത്ത യാത്രക്കാർക്ക് ക്വാറന്റീനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *