കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും സമി ലാബ്‌സും സംയുക്ത സംരംഭത്തിന്

കോഴിക്കോട്: കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയും ബാംഗ്ലൂരിലെ സമി ലാബ്‌സ് ലിമിറ്റഡും സംയുക്ത സംരംഭക ധാരണാപത്രം ഒപ്പുവച്ചു. പുതിയ ഉല്‍പ്പന്ന വികസനം, ഗുണനിലവാരമുള്ള ഔഷധസത്തുക്കളുടെ വികസനം, ഔഷധസസ്യങ്ങള്‍ വിപുലമായി കൃഷിചെയ്യുന്നതിനുള്ള പദ്ധതികള്‍ എന്നിവ സംയുക്തസംരംഭത്തില്‍ ഉള്‍പ്പെടും. ആര്യവൈദ്യശാലയുടെ ഉല്‍പ്പന്നങ്ങള്‍ സമിഡയറക്ട്, അഖിലേന്ത്യാ തലത്തില്‍ വിപണിയില്‍ എത്തിക്കും. വംശനാശം വന്നുകൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഇതിന് സര്‍ക്കാര്‍ പിന്തുണ തേടാനും പരിപാടിയുണ്ട്. ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.കെ.വാര്യരും സമി ലാബ് മാനേജിംഗ് ഡയരക്ടര്‍ ഡോ. മുഹമ്മദ് മജീദും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ആര്യവൈദ്യശാല ട്രസ്റ്റി ഡോ:പി എം വാര്യര്‍, ട്രസ്റ്റി ഡോ:പി രാഘവവാര്യര്‍, ജനറല്‍ മാനേജര്‍ കെ എസ് മണി, വി ജി നായര്‍ എന്നിവര്‍ സംബന്ധിച്ചു.