കോണ്‍ഗ്രസ് നേതാവ് വനിതാ എം.എല്‍.സി.യുടെ കൈപിടിച്ചത് വിവാദമായി


ബെംഗളൂരു: കര്‍ണാടകത്തിലെ മടിക്കേരിയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടയില്‍ കോണ്‍ഗ്രസ് നേതാവ് അനുവാദമില്ലാതെ വനിതാനേതാവിന്റെ കൈപിടിക്കുന്ന ദൃശ്യം വിവാദമായി.


കോണ്‍ഗ്രസ് മടിക്കേരി യൂണിറ്റ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി.പി. രമേശ് നിയമനിര്‍മാണ കൗണ്‍സില്‍ അംഗം വീണാ അച്ചയ്യയുടെ കൈപിടിക്കുന്ന ദൃശ്യമാണ് സ്വകാര്യചാനല്‍ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിലും ദൃശ്യം പ്രചരിച്ചതോടെ പാര്‍ട്ടിനേതൃത്വം പ്രതിസന്ധിയിലായി.


മടിക്കേരി ടൗണില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വേദിയില്‍ മറ്റു നേതാക്കളുമുണ്ടായിരുന്നു. ചടങ്ങുകള്‍ നടക്കുന്നതിനിടെ രമേശ് തൊട്ടടുത്തിരുന്ന വീണാ അച്ചയ്യയുടെ കൈപിടിക്കുകയായിരുന്നു. ഉടനെതന്നെ നേതാവിന്റെ കൈ വീണ പിടിച്ചുമാറ്റുന്നതും കാണാം.

ടി.പി. രമേശ് ആരോഗ്യകാര്യങ്ങള്‍ അന്വേഷിച്ച്‌ കൈപിടിക്കുകയായിരുന്നുവെന്നും അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നുവെന്നും വീണ പറഞ്ഞു. ആദ്യമായാണ് പാര്‍ട്ടിവേദിയില്‍ മോശമായ അനുഭവമുണ്ടാകുന്നതെന്നും ടി.പി. രമേശ് ഫോണില്‍ മാപ്പു പറഞ്ഞിട്ടുണ്ടെന്നും വീണ പറഞ്ഞു. സഹോദരിയെപ്പോലെക്കരുതി കൈപിടിച്ചതെന്നാണ് രമേശ് നല്‍കിയ വിശദീകരണം.

പാര്‍ട്ടിനേതൃത്വവുമായുള്ള ആശയവിനിമയത്തിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വീണ പറഞ്ഞു. വീണയെ വര്‍ഷങ്ങളായി പരിചയമുണ്ടെന്നും ആവശ്യപ്പെട്ടാല്‍ പരസ്യമായി മാപ്പു പറയാന്‍ തയ്യാറാണെന്നും ടി.പി. രമേശ് പറഞ്ഞു.



Sharing is Caring