കളിയുടെ ഗതി മാറിയ നിമിഷം വെളിപ്പെടുത്തി കോഹ്‌ലി


ഓവല്‍ ടെസ്റ്റില്‍ പന്ത് ചോദിച്ച് വാങ്ങിയ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ആവേശത്തെകുറിച്ച് വെളിപ്പെടുത്തി നായകന്‍ വിരാട് കോഹ്‌ലി. അവസാന ദിനത്തിലെ രണ്ടാം സെഷനില്‍ ബുംറ ചോദിച്ചു വാങ്ങിയെന്നും അങ്ങനെ എറിഞ്ഞ സ്‌പെല്ലാണ് മത്സരം ടീമിന് അനുകൂലമാക്കിയതെന്നും കോഹ്‌ലി പറഞ്ഞു.


‘മത്സരത്തിനിടെ പന്തിന് റിവേഴ്‌സ് സ്വിംഗ് ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ബുംറ എന്റെ അടുത്തുവെന്ന് ബോളിംഗ് ചോദിച്ചു വാങ്ങി. അവസാന ദിനത്തിലെ രണ്ടാം സെഷനില്‍ അദ്ദേഹം ചോദിച്ചു വാങ്ങി എറിഞ്ഞ സ്‌പെല്ലാണ് മത്സരം നമുക്ക് അനുകൂലമാക്കിയത്. നിര്‍ണായകമായ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇത്തരമൊരു പിച്ചില്‍ 22 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങുന്നതിന് എന്തുമാത്രം അധ്വാനം വേണ്ടിവരുമെന്ന് അറിയാമല്ലോ.’


‘തികച്ചും ഫ്‌ലാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വിക്കറ്റാണ് ഓവലിലേത്. ആദ്യ മൂന്ന് ദിവസത്തെയത്ര പോലും നനവ് ഫീല്‍ഡില്‍ ഉണ്ടായിരുന്നില്ല. ഇവിടെ റിവേഴ്‌സ് സ്വിംഗ് ഫലപ്രദമായി ഉപയോഗിക്കാന്‍ നമ്മുടെ ബോളര്‍മാര്‍ക്ക് സാധിച്ചു. 10 വിക്കറ്റും നേടാനാകുമെന്ന് ടീമെന്ന നിലയില്‍ ഞങ്ങള്‍ വിശ്വസിച്ചു’ കോഹ്ലി പറഞ്ഞു.

ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 22 ഓവറില്‍ ഒന്‍പത് മെയ്ഡന്‍ അടക്കം 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഒലീ പോപ്പ്, ജോണി ബെയര്‍‌സ്റ്റോ എന്നിവരെ നിലയുറപ്പിക്കും മുന്‍പേ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയിരുന്നു.



Sharing is Caring