കേരളകോണ്‍ഗ്രസ് എമ്മിന്റെ ദ്വിദിന സംസ്ഥാന ക്യാംപ് ഇന്ന് ചരല്‍ക്കുന്നില്‍ നടക്കും. ഇന്നും നാളെയും നടക്കുന്ന ക്യാംപിലെ ഓരോ തീരുമാനത്തിനും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയഭാഷ്യം. യു.ഡി.എഫില്‍ പാര്‍ട്ടി പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ വിവിധ വശങ്ങള്‍ ക്യാംപില്‍ ചര്‍ച്ചയാകും.രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന, നിര്‍ണായകമായ ക്യാമ്പിനാണ് കേരളാ കോണ്‍ഗ്രസ് ഇന്ന് ചരല്‍ക്കുന്നില്‍ തുടക്കം കുറിക്കുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും ഏറെ ആശങ്ക നല്‍കിയാണ് ചരല്‍ക്കുന്നില്‍ ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങളാകും യുഡിഎഫും മാണിയും തമ്മിലുള്ള തുടര്‍ബന്ധത്തിന്റെ അടിസ്ഥാനം. മാണി ഗ്രൂപ്പ് പൂര്‍ണമായും യുഡിഎഫ് ബന്ധം വിച്ഛേദിക്കുമോ അതോ സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം കൈക്കൊള്ളുമോ എല്ലാത്തിനും ഉത്തരം വരുന്നത് ചരല്‍ക്കുന്നില്‍ നിന്നാണ്.ഇടഞ്ഞു നില്‍ക്കുന്ന കെ.എം മാണിയെ ബി.ജെ.പി നേതാവ് കുമ്മനം തങ്ങളുടെ സഖ്യത്തിലേക്ക് സ്വാഗതമോതിയതും കോണ്‍ഗ്രസ്സിന്റെ ഞെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. എന്നാല്‍, കുമ്മനത്തിന്റെ സ്വാഗതമോതലിനനുകൂലമായോ പ്രതികൂലമായോ മാണി പ്രതികരിച്ചിട്ടില്ല. അതിനാല്‍ തന്നെ ചരല്‍ക്കുന്നിലെ ഇന്നത്തെ കേരളകോണ്‍ഗ്രസ്സിന്റെ ക്യാംപിലെ ഓരോ തീരുമാനത്തിനും യു.ഡി.എഫ് നേതൃത്വം കാതോര്‍ക്കുകയാണ്.
ക്യാംപ് ഇന്ന് രണ്ടു മണിക്ക് കെ.എം മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് അധ്യക്ഷത വഹിക്കും. നാളെ ഉച്ചയ്ക്കാണ് ദ്വിദിന സമ്മേളനത്തിന്റെ സമാപനം.














