തലസ്ഥാനത്ത് പുകയില വിരുദ്ധ ബുള്ളറ്റ് റാലി സംഘടിപ്പിച്ച് കിംസ്ഹെൽത്ത്


തിരുവനന്തപുരം: ലോക പുകയില വിരുദ്ധ ദിനത്തോടനുമ്പന്ധിച്ച് ബോധവൽക്കരണ ബുള്ളറ്റ് റാലി സംഘടിപ്പിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷനുമായി ചേർന്ന് സംഘടിപ്പിച്ച ‘ബീറ്റ് ദ ഫ്യൂംസ്’ ബുള്ളറ്റ് റാലി ജോയിന്റ് എക്‌സൈസ് കമ്മീഷണർ ഗോപകുമാർ ആർ ഫ്ലാഗ് ഓഫ് ചെയ്തു. 150 – ഓളം റൈഡറുമാർ പങ്കെടുത്ത റാലിയിൽ ശ്വാസകോശ അർബുദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയും പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും റെസ്പിറേറ്ററി വിഭാഗം കൺസൽട്ടൻറ് ഡോ രോഹിത് എസ് അവബോധം നൽകി. കനകകുന്നിൽ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സ്റ്റാർട്ടിംഗ് പോയിന്റിൽ തന്നെയെത്തി അവസാനിച്ചു.


പുകയില, പുകയിലജന്യരോഗങ്ങൾ വഴി ഒരു വർഷം ലോകത്തിൽ ശരാശരി എൺപത് ലക്ഷം പേർ മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരമൊരു ഗുരുതര സാഹചര്യത്തെ നേരിടാനായി പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണ ആവശ്യമാണെന്ന് റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് ഗോപകുമാർ ആർ പറഞ്ഞു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് കടിഞ്ഞാണിടാൻ സര്‍ക്കാരിനോടൊപ്പം ഒന്നിച്ചുനിന്ന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കിംസ്‌ഹെല്‍ത്ത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.എം നജീബ് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിംസ്ഹെൽത്ത് ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് റവന്യു സൈക്കിൾ മാനേജ്‌മെന്റ് ഗ്രൂപ്പ് ഹെഡ് വിനോദ് വൈ.ആർ, ഹെൽത്ത്കെയർ പ്രമോഷൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ അനിൽ പോൾ ജേക്കബ്, നാസർ കടയറ, അബ്ദുൾ അസീസ്, ഫൈസൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


കിംസ് കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ബോധവൽക്കരണ റാലിയുടെ ഭാഗമായി നടന്നു. തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ റോയൽ എൻഫീൽഡ് റൈഡിങ് ക്ലബ്ബുകളും റാലിയുടെ ഭാഗമായി.



Sharing is Caring