അപൂർവ ഉദരരോഗത്തിന് ഷണ്ട് പ്രൊസീജിയർ വിജയകരമാക്കി കിംസ്ഹെൽത്ത്: കേരളത്തിലാദ്യം

തിരുവനന്തപുരം: അപൂര്‍വ്വമായ ഉദരരോഗത്താല്‍ ബുദ്ധിമുട്ടിയിരുന്ന 25 വയസ്സുകാരനില്‍ നൂതന ചികിത്സാരീതി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്. കഠിനമായ വയറുവേദനയുമായാണ് തമിഴ്നാട് സ്വദേശി ആശുപത്രിയിലെത്തുന്നത്. വിശദമായ പരിശോധനയില്‍ അന്നനാളത്തിലെ രക്തധമനികള്‍ അമിതമായി വികസിച്ച് പൊട്ടാറായ നിലയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലെത്തിയ രോഗിയില്‍ സങ്കീര്‍ണ്ണമായ ശസ്ത്രകിയകള്‍ ഇല്ലാതെ ഒരു സൂചിമുനയുടെ മാത്രം വലുപ്പത്തിലുണ്ടാക്കിയ മുറിവിലൂടെയാണ് പ്രൊസീജിയര്‍ പൂർത്തിയാക്കിയത്. പെര്‍ക്യുട്ടേനിയസ് മെസോകാവല്‍ ഷണ്ട് പ്രൊസീജിയര്‍ എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി ഇന്ത്യയില്‍ മൂന്നാമതും കേരളത്തില്‍ ആദ്യവുമാണ് ഫലപ്രദമാക്കുന്നത്.

കുടലില്‍ നിന്ന് കരളിലേക്ക് രക്തമെത്തിക്കുന്ന സിരയിലുണ്ടായ (പോര്‍ട്ടല്‍ വെയിന്‍) ബ്ലോക്കിനെത്തുടര്‍ന്നാണ് രോഗിക്ക് ഈ അവസ്ഥ ഉണ്ടായത്. ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവിന്റെ നേതൃത്വത്തില്‍, പോര്‍ട്ടല്‍ വെയ്‌നും ഇന്‍ഫീരിയര്‍ വീനകാവയ്ക്കും (ഹൃദയത്തിന്റെ വലത് ഏട്രിയത്തിലേക്ക് ശരീരത്തിന്റെ താഴെ നിന്നും മധ്യഭാഗത്ത് നിന്നും രക്തം കൊണ്ടുപോകുന്ന സിര) ഇടയില്‍ ഒരു ട്യൂബിന് സമാനമായ ഷണ്ട് സ്ഥാപിച്ച് പരമ്പരാഗത ശസ്ത്രക്രിയാരീതികളെ ആശ്രയിക്കാതെയാണ് അപകടാവസ്ഥ തരണം ചെയ്തത്.

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ഈ പ്രൊസീജിയര്‍ ഇന്ത്യന്‍ മെഡിക്കല്‍ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഇതിന് മുന്‍പ് രണ്ട് കേസുകള്‍ മാത്രമാണ് രാജ്യത്ത് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും ഡോ. മനീഷ് കുമാര്‍ യാദവ് പറഞ്ഞു. ഇന്‍ട്രാവാസ്‌കുലാര്‍ അള്‍ട്രാസൗണ്ട്, അബ്ഡൊമിനല്‍ അള്‍ട്രാസൗണ്ട് എന്നിവയുടെ ഉപയോഗം ഈ പ്രൊസീജിയര്‍ കൂടുതല്‍ കൃത്യതയോടെ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. ഇതിലൂടെ പോര്‍ട്ടല്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ലഘൂകരിക്കുന്നതിലുപരി അന്നനാളസിരകളിലെ രക്തസ്രാവ സാധ്യതകള്‍ ഇല്ലാതാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ചീഫ് കോര്‍ഡിനേറ്ററുമായ ഡോ. മാധവന്‍ ഉണ്ണി, ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ലീഡുമായ ഡോ. സന്തോഷ് ജോസഫ്, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ദിനേശ് ബാബു, ന്യൂറോ അനസ്തേഷ്യ വിഭാഗം ഡോ. ശരത് സുരേന്ദ്രന്‍ എന്നിവരും പ്രൊസീജിയറിന്റെ ഭാഗമായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *